സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്‍റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷാ തീയതി ഒരു ദിവസം കൂടി നീട്ടി. സാങ്കേതിക പിഴവുകൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടുകയും ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്‍റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷ ഒരു ദിവസം കൂടി നീട്ടി. നാളെ അർദ്ധരാത്രി വരെയാണ് അപേക്ഷ നീട്ടിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിന് പിന്നാലെയാണ് നടപടി. അതേസമയം സാങ്കേതിക പിഴവ് നാളത്തേയ്ക്ക് പരിഹരിക്കപ്പെടുമോ എന്ന കാര്യം വ്യക്തമല്ല. ഫീസ് അടക്കുന്നതിലെ സാങ്കേതിക പ്രശ്നവും ഇപ്പോഴും പരിഹരിച്ചിട്ടില്ല.

സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതികളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. പ്രശ്നപരിഹാരത്തിന് ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധ സംഘത്തെ മന്ത്രാലയം നിയോഗിച്ചു. പരീക്ഷാഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണ്ണയം നടത്തി ഫലം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് കിട്ടിയിട്ടില്ല. പണമിടപാടിലെ പ്രശ്നം പരിഹരിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് ഉൾപ്പെടെ സഹായം നൽകും.
അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ കിട്ടുമെന്നും കൂടുതൽ ഫീസ് ഈടാക്കിയവർക്ക് റീഫണ്ട് നൽകും എന്നും സിബിഎസ്ഇ അറിയിച്ചു. പുതിയതായി അപേക്ഷ നൽകേണ്ടതില്ലെന്നും സിബിഎസ്ഇ വിശദീകരിച്ചു. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് നൽകിയിരിക്കുന്ന നിരവധി ഉത്തരക്കടലാസുകൾ വീണ്ടും പുറത്തുവന്നു. പരീക്ഷ പേപ്പർ നേരിട്ട് പരിശോധിച്ച് വീണ്ടും ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർത്തി സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിദ്യാർത്ഥികൾ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
