സിബിഎസ്ഇ 2025ലെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സിൽ 60 ശതമാനം മാർക്കോടെ വിജയിച്ച്, സിബിഎസ്ഇ സ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒറ്റ പെൺകുട്ടികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച്, സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടിയ, ഒറ്റ പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത. വിദ്യാഭ്യാസച്ചെലവ് കുറച്ച് പെണ്‍കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഈ വർഷത്തിൽ ഒക്ടോബർ 23 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി.

മാനദണ്ഡങ്ങൾ

വിദ്യാർത്ഥിനി മാതാപിതാക്കളുടെ ഏക കുട്ടിയായിരിക്കണം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം

സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളിലായിരിക്കണം പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്നത്

പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് പ്രതിമാസം 1500 രൂപയിൽ കവിയരുത്

എൻആർഐ അപേക്ഷകർക്ക് ട്യൂഷൻ ഫീസ് പ്രതിമാസം 6000 രൂപയിൽ കവിയരുത്

ആവശ്യമായ രേഖകൾ

പത്താം ക്ലാസ് മാർക്ക് ഷീറ്റിൻ്റെ കോപ്പി

വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എസ്‌ഡി‌എം, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും ഒപ്പിട്ട സാക്ഷ്യപത്രം

ഫീസ് വിവരങ്ങൾ സ്ഥിരീകരിക്കുന്ന നിലവിലെ സ്കൂളിലെ പ്രിൻസിപ്പലിന്‍റെ കത്ത്

വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ കാർഡ്.

ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക്

ട്യൂഷൻ ഫീസ് അടച്ചതിൻ്റെ ഫീസ് റസീപ്റ്റ്

വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ.

എങ്ങനെ അപേക്ഷിക്കാം

cbseit.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂർണമല്ലാത്ത

അപേക്ഷകൾ തള്ളും.