Asianet News MalayalamAsianet News Malayalam

സിസി തമ്പിയെ മൂന്ന് ദിവസം കൂടി എൻഫോഴ്‌സ്മെന്റ് കസ്റ്റഡിയിൽ വിട്ടു, കേസ് 24 ന് പരിഗണിക്കും

ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. കേരളത്തിലെ ഭൂമി ഇടപാടുകൾ ഉൾപ്പടെ പരിശോധിച്ച ഇഡി, തമ്പിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

CC Thampi left in Enforcement custody for three days
Author
Delhi, First Published Jan 21, 2020, 3:12 PM IST

ദില്ലി: വിദേശ നാണ്യ വിനിമയ ചട്ടം ലംഘനത്തിന് പിടിയിലായ മലയാളി വ്യവസായി സിസി തമ്പിയെ മൂന്ന് ദിവസം കൂടി എൻഫോഴ്‌സ്മെന്റ് കസ്റ്റഡയിൽ വിട്ടു.  വെളളിയാഴ്ച്ച അറസ്റ്റിലായ തമ്പി കഴിഞ്ഞ മൂന്ന് ദിവസം എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയിയാിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാലാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. 

കേസ് ഈ മാസം 24 ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം അഭിഭാഷകനെ കാണാൻ അവസരം നൽകണമെന്ന തമ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തമ്പിയെ അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്നാണ് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. യുഎഇയിലെ ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനാണ് മലയാളിയായ സിസി തമ്പി. ഇദ്ദേഹത്തെ കഴിഞ്ഞവർഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തിരുന്നു.

ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. കേരളത്തിലെ ഭൂമി ഇടപാടുകൾ ഉൾപ്പടെ പരിശോധിച്ച ഇഡി, തമ്പിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ 2008ൽ ഒഎൻജിസിയുടെ  പ്രത്യേക സാമ്പത്തിക മേഖലയുടെ നിർമ്മാണത്തിന് സാംസങ് കമ്പനിക്ക് കരാർ നല്കിയിരുന്നു. ഇതിൽ ഇടനില നിന്നത് ആയുധഇടപാടുകാരാൻ സ‍ഞ്ജയ് ഭണ്ഡാരിയുടെ കമ്പനിയാണ്.

ഭണ്ഡാരി ലണ്ടനിൽ വാങ്ങിയ 26 കോടിയുടെ കെട്ടിടം തമ്പിയുടെ കടലാസ് കമ്പനി ഏറ്റെടുത്തു. ഒഎൻജിസി കരാർ നല്കിയതിൽ തമ്പിക്ക് പങ്കുണ്ടെന്ന് ഇത് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻറ് പറയുന്നു. തമ്പിയുടെ കമ്പനിയുടെ പേരിലായിരുന്നു ഇടപാടിന് ശ്രമിച്ചത്. തമ്പിയെ ബിനാമിയാക്കി റോബർട്ട് വദ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios