Asianet News MalayalamAsianet News Malayalam

ആംനെസ്റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്രസർക്കാർ, കാരണങ്ങൾ ഊതിപ്പെരുപ്പിച്ചതെന്ന് ആരോപണം

വിദേശത്തു നിന്നും ധനസമാഹരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ആംനെസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറെ നാളായി അന്വേഷണം നടത്തുന്നുണ്ട്

central government against Amnesty International
Author
Delhi, First Published Sep 29, 2020, 7:59 PM IST

ദില്ലി: ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച ആംനസ്റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്രസർക്കാർ. പ്രവർത്തനം അവസാനിപ്പിക്കാൻ ആംനസ്റ്റി പറഞ്ഞ കാരണങ്ങൾ ഊതി പെരുപ്പിച്ചതാണെന്നും യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കേന്ദ്രസർക്കാറിന്‍റെ ഉപദ്രവം സഹിക്കാനാകാതെയാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നായിരുന്നു ആംനസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ അവിനാശ് കുമാർ വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

വിദേശത്തു നിന്നും ധനസമാഹരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ആംനെസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറെ നാളായി അന്വേഷണം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആംനെസ്റ്റിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സമെന്‍റിന്‍റെ റെയ്ഡും പതിവായിരുന്നു. സെപ്റ്റംബർ പത്തോടുകൂടി രാജ്യത്തെ തങ്ങളുടെ എല്ലാ അക്കൗണ്ടുകളും സർക്കാർ മരവിപ്പിച്ചെന്നും ഇനിയും ഉപദ്രവം സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്നും ആംനെസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 40 ലക്ഷത്തോളം പേർ രാജ്യത്ത് തങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. 1 ലക്ഷം പേർ സാമ്പത്തികമായും സഹായിക്കുന്നു. ഇതൊന്നും 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതല്ല. എന്നിട്ടും ഉപദ്രവം തുടരുകയാണ്. 

ഇന്ത്യയിലെ എല്ലാ നിയമങ്ങളും അനുസരിച്ചാണ് ഇതുവരെ സംഘടന പ്രവർത്തിച്ചതെന്നും തങ്ങൾക്കെതിരായുള്ള കേസുകളില്‍ നിയമപോരാട്ടം തുടരുമെന്നും അവിനാശ് കുമാ‍ർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 1861 മുതല്‍ ലോകത്ത് 150 രാജ്യങ്ങളിലായി മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്‍റർനാഷണല്‍ ഇന്ത്യയിൽ എന്‍ജിഒ ആയാണ് രജിസ്റ്റ‍ർ ചെയ്തത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മുതല്‍ ഡല്‍ഹി കലാപത്തിലെ പോലീസിന്‍റെ പങ്കിനെ കുറിച്ചു വരെ നിരന്തരം ഗവേഷണ റിപ്പോർട്ടുകൾ ആംനെസ്റ്റി ഇന്‍റർനാഷണല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് കേന്ദ്രസർക്കാർ നടപടിക്ക് കാരണമെന്നാണ് വിമർശനം. ഫോറിന്‍ കോൺട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന് കാട്ടി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാർ രാജ്യത്തെ 14,500 എന്‍ജിഒകളുടെ അംഗീകാരം റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios