Asianet News MalayalamAsianet News Malayalam

പെഗാസസ് വാങ്ങിയോ? മൗനം വെടിഞ്ഞ് കേന്ദ്രം നിലപാട് അറിയിക്കുമോ? സുപ്രീംകോടതിയിൽ പ്രതീക്ഷയോടെ പ്രതിപക്ഷം

പെഗാസസ് വാങ്ങിയോ എന്നത് വിശദീകരിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ എന്ന് കേന്ദ്രത്തോട് ചോദിച്ച ചീഫ് ജസ്റ്റിസ് ഒരു ദിവസം സമയവും അനുവദിക്കുകയായിരുന്നു

central government may reply on pegasus issue in supreme court
Author
New Delhi, First Published Aug 17, 2021, 12:20 AM IST

ദില്ലി: പെഗാസസ് വാങ്ങിയോ, ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാനാകുമോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തോട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചേക്കും. ഇക്കാര്യത്തിൽ കേന്ദ്രം ഇന്ന് നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പെഗാസസ് വാങ്ങിയോ എന്ന വിവരം അറിയിക്കാൻ  തയ്യാറുണ്ടോ എന്ന് ചോദിച്ച സുപ്രീംകോടതി തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഒരു ദിവസം സമയം നൽകുകയായിരുന്നു.

പെഗാസസ് ഫോണ്‍ നിരീക്ഷണം ചില തൽപ്പര കക്ഷികളുടെ പ്രചരണംമാത്രമാണെന്നും തെറ്റിദ്ധാരണ നീക്കാൻ സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകാമെന്നും കേന്ദ്രം സത്യവാങ്മൂലത്തിലൂടെ ഇന്നലെ അറിയിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ദേശീയ സുരക്ഷ കൂടി കണക്കിലെടുക്കണമെന്നും ദേശീയ സുരക്ഷക്കായുള്ള ഇടപെടൽ തടയാനാകില്ലെന്നും കേന്ദ്രം നിലപാടെടുത്തു. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് വെളിപ്പെടുത്തുന്നതിൽ എന്ത് സുരക്ഷാ ഭീഷണി എന്നായിരുന്നു ഹര്‍ജിക്കാരുടെ ചോദ്യം.

ഇതോടെ കോടതിക്കും കൃത്യമായ കാര്യങ്ങൾ അറിയണം എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചൂണ്ടികാട്ടി. പെഗാസസ് വാങ്ങിയോ എന്നത് വിശദീകരിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ എന്ന് കേന്ദ്രത്തോട് ചോദിച്ച ചീഫ് ജസ്റ്റിസ് ഒരു ദിവസം സമയവും അനുവദിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് കേന്ദ്രസർക്കാ‍ർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിർണായകമാണ്. സര്‍ക്കാര്‍ നിലപാടും അതിന്മേൽ സുപ്രീംകോടതി തീരുമാനം എന്തെങ്കിലുമുണ്ടായാൽ അതും രാജ്യമാകെ ചർച്ചയാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios