ബ്ലാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതലായ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും നാലായിരത്തിലധികം കുപ്പി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച 20000 അധികം കുപ്പി മരുന്ന് സംസ്ഥാനങ്ങൾ അനുവദിച്ചതിന് പിന്നാലെയാണിത്. 

ദില്ലി: ബ്ലാക്ക് ഫംഗസിനുള്ള മരുന്നായ ആംഫോടെറിസിന്‍ - ബിയുടെ വിതരണം കൂട്ടി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് 19420 അധിക വയൽ ആംഫോടെറിസിന്‍ - ബി അനുവദിച്ചു. കേരളമുൾപ്പടെ 22 സംസ്ഥാനങ്ങൾക്കും കേന്ദ്ര‌ഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം ബ്ലാക്ക് ഫംഗസ് മരുന്നിന്‍റെ അധിക വിഹിതം അനുവദിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതലായ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും നാലായിരത്തിലധികം കുപ്പി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച 20000 അധികം കുപ്പി മരുന്ന് സംസ്ഥാനങ്ങൾ അനുവദിച്ചതിന് പിന്നാലെയാണിത്. രണ്ടാഴ്ച്ച കൊണ്ടാണ് രാജ്യത്ത് എണ്ണായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിതർ ഇന്ത്യയിലാണ്. പെട്ടെന്നുണ്ടായ രോഗ ബാധയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് ഐസിഎംആറോ, എൻസിഡിസിയോ പഠനം നടത്തി കണ്ടെത്തണമെന്ന് കാനഡയിലെ മെക്ക് ഡിൽ യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. മധുക‍ർ പൈ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ രോഗ പ്രതിരോധത്തിനായി പലരും സിങ്ക് ഗുളികകൾ ഉൾപ്പടെ പലതരം മരുന്നുകൾ കഴിച്ചിരുന്നു. സ്റ്റിറോയിഡിനും പ്രമാഹത്തിനും പുറമെ ഈ സാധ്യതയും ഫംഗസ് ബാധയ്ക്ക് കാരണമായി പരിഗണിക്കണമെന്ന് മുൻ ഐഎംഎ പ്രസിഡന്‍റ് രാജീവ് ജയദേവൻ അഭിപ്രായപ്പെട്ടു.