ദില്ലി: കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിഷയം ചർച്ച ചെയ്യാൻ നീതി ആയോ​ഗ് ഇന്ന് യോ​ഗം ചേരും. പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഏതൊക്കെ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാം, പൂർണ്ണ ഉടമസ്ഥാവകാശം വിട്ടു നൽകാം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച പട്ടിക തയ്യാറാക്കാനാണ് മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നീതി ആയോ​ഗിന്റെ മേൽനോട്ടത്തിൽ 48 പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. ഷിപ്പിം​ഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഈ പരി​ഗണനാ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുമായി കൂടിച്ചേർന്ന് സ്ഥാപനങ്ങളുടെ കാര്യത്തിൽ ധാരണയിലെത്തണമെന്നാണ് മന്ത്രാലയങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ഓഹരിവിറ്റഴിക്കലിലൂടെയും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിലൂടെയും 2.1 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.