ജയ്പൂര്‍: രാജസ്ഥാനിലെ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്താനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. നിലവിലെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സവര്‍ക്കറുടെ ജീവചരിത്രം ബിജെപിയുടെ രാഷട്രീയ താല്‍പ്പര്യം വ്യക്തമാക്കുന്നതിനാലാണ് തിരുത്തെന്ന് കോണ്‍ഗ്രസ് പറയുന്നു.

കുട്ടികള്‍ പഠിക്കേണ്ടത് ശരിയായ ചരിത്രമായതിനാലാണ് സിലബസില്‍ മാറ്റം വരുത്തുന്നതെന്നാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് ദോട്ടസര പറഞ്ഞത്. ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയാണ് നിലവിലെ സിലബസിലുള്ള സവര്‍ക്കറുടെ ജീവചരിത്രം . സ്വാതന്ത്ര്യസമരത്തിനായി പോരാടിയ പല വ്യക്തികള്‍ക്കും ഒട്ടും പ്രാധാന്യം സിലബസില്‍ നല്‍കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിനെ ബിജെപി ഒരു പരീക്ഷണശാലയാക്കി മാറ്റി. ആര്‍എസ്എസിന്‍റ രാഷ്ട്രീയ ലാഭത്തിനായി  കരിക്കുലത്തെ തന്നെ ബിജെപി മാറ്റിമറിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

പാഠ്യപദ്ധതിയിലുണ്ടാവേണ്ട മാറ്റത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനെ  റിവിഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.  കുട്ടികള്‍ ചരിത്രം ശരിയായി പഠിക്കേണ്ടതിനാലാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തെ ഗൗരവതരമായി കാണുന്നതെന്നും സിലബസില്‍ മാറ്റം കൊണ്ടുവരുന്നതെന്നും ഗോവിന്ദ് ദൊട്ടസാര പറഞ്ഞു.