ബെംഗളൂരു: ഡോ. എംഎം കൽ‌ബുർഗിയുടെ കൊലപാതക കേസില്‍  പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

അമോല്‍ കലെ, ഗണേഷ് മിസ്കിന്‍, പ്രവീണ്‍ പ്രകാശ് ചറ്റുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലാസ്കര്‍, അമിത് ബഡ്ഡി എന്നിവര്‍ക്കെതിരയാണ് കുറ്റപത്രം. പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പേരില്ലാത്ത സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ഗൗരി ലങ്കേഷ് വധക്കേസിലും ഈ ആറ് പേരും പ്രതികളാണ്. കേസിലെ കുറ്റപത്രത്തില്‍ ഇവരെ സനാദന്‍ സന്‍സ്ഥയെന്ന തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണെന്നാണ് വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തില്‍ അമോല്‍ കലെ സന്‍സ്ഥയുമായി ബന്ധമുള്ള ജനജാഗ്രതി സമിതിയുടെ പൂനെ വിഭാഗത്തിന്‍റെ കണ്‍വീനറായിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 

2015 ആഗസ്ത് 30നാണ്, ഹംപി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെ ദാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ എത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മുന്നുപേര്‍ വാദപ്രതിവാദങ്ങള്‍ക്കുശേഷം അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു.