ചെന്നൈ: ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കാറ്റില്‍ പാറിയ ഫ്ലക്സ് യുവതിയുടെ വാഹനത്തിലേക്ക് വന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഫ്ലക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറായ  23കാരി ശുഭ ശ്രീയാണ് അപകടത്തില്‍ മരിച്ചത്. . 

ഇതിനിടെ ചെന്നൈയിൽ ഫ്ലക്സ് വീണ് ടെക്കി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നാണ് കോടതി പ്രതികരിച്ചത്.

 രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിൽ അധികൃതർ മുട്ട് മടക്കുകയാണെന്നും കോടതി വിമർശനമുന്നയിച്ചു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ഫ്ലക്സ് ബോർഡ് വീണായിരുന്നു അപകടം. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.