ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും എങ്ങനെയാണ് അത്രയും വലിയ തോതില്‍ സ്ഫോടകവസ്തുക്കള്‍ വലിയ സുരക്ഷാ മുന്‍കരുതലുകളുള്ള പുല്‍വാമയിലെത്തിയതെന്നും ബാദല്‍ ചോദിച്ചു

റാഞ്ചി: പുല്‍വാമ ഭീകരാക്രമണം നടന്ന് രണ്ട് വര്‍ഷം തികയുമ്പോള്‍ വീണ്ടും ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. രാജ്യത്തിന് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് സിംഗ് ബാദലാണ് രംഗത്ത് വന്നത്. ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും എങ്ങനെയാണ് അത്രയും വലിയ തോതില്‍ സ്ഫോടകവസ്തുക്കള്‍ വലിയ സുരക്ഷാ മുന്‍കരുതലുകളുള്ള പുല്‍വാമയിലെത്തിയതെന്നും ബാദല്‍ ചോദിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എങ്ങനെ 300 കിലോ ഗ്രാം ആര്‍ഡിഎക്സ് വലിയ സുരക്ഷാ മുന്‍കരുതലുകള്‍ ഉള്ള സ്ഥലത്തെത്തി? ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരാണ്? ബാദല്‍ ചോദിച്ചു. പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു.

അവരുടെ രക്തസാക്ഷിത്വത്തിന് മുന്നില്‍ രാജ്യം സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു. രണ്ട് വര്‍ഷം മുമ്പ് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപൊര ലാത്പൊരയില്‍ സിആര്‍പിഎഫ് സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്കാണ് ചാവേര്‍ ആക്രമണം നടന്നത്. 2500 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം.

പാകിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2018ല്‍ ജയ്ഷെ മുഹമ്മദില്‍ ചേര്‍ന്ന യുവാവായിരുന്നു സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഭീകരാക്രമണത്തിന് എത്തിയത്. 76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമ അന്തനാഗ് ജില്ലക്കാരനായ സജ്ജദ് ഭട്ടാണെന്ന് എന്‍ഐ എ കണ്ടെത്തിയിരുന്നു. ഇരുപത്തിരണ്ട് വയസ് പ്രായമുള്ള ജയ്ഷെ മുഹമ്മദ് തീവ്രവാദി ആദില്‍ അഹമ്മദ് ധര്‍ ആയിരുന്നു ചാവേറായത്. കഴിഞ്ഞ മാര്‍ച്ചില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ അറസ്റ്റ് ചെയ്തതായിരുന്നു ഭീകരാക്രമണത്തിലെ അന്വേഷണത്തിലെ പ്രധാന വഴിത്തിരിവ്.