ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമത്തിന്‍റെ കീഴിൽ വരുമെന്നുള്ള നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ സുപ്രീം കോടതിയുടെ തന്നെ ഭരണവിഭാഗമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഭരണഘടനാപരമായ ജനാധിപത്യത്തിൽ ന്യായാധിപൻമാ‍ർ നിയമത്തിന് മുകളിലാകാൻ പാടില്ലെന്നും സുപ്രീം കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. 

പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. അതേസമയം സുതാര്യതയുടെ പേരിൽ ജുഡീഷ്യറിയുടെ സ്വാതന്ത്യം തടസ്സപ്പെടരുതെന്നും കോടതി ഓ‌ർമ്മിപ്പിച്ചു. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ നി‍ർണ്ണായകമാണ് കോടതിയുടെ ഇന്നത്തെ വിധി.

കേസിൽ മൂന്ന് വ്യത്യസ്ത വിധി പ്രസ്താവങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നീ മൂന്ന് പേരുടെതാണ് ഭൂരിപക്ഷ വിധി. ഭരണഘടന ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളായ എൻ വി രമണയും, ഡി വൈ ചന്ദ്രചൂഡും വ്യത്യസ്ത വിധികൾ വായിച്ചുവെങ്കിലും ഇതും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിനെ വിവരാവകാശ നിയമത്തിന്‍റെ കീഴിൽ കൊണ്ടു വരണമെന്ന് തന്നെയാണ് വിധിച്ചിരിക്കുന്നത്. 

അഞ്ചംഗ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർക്കു വേണ്ടി ജസ്റ്റിസ് ഖന്ന എഴുതിയ വിധി ഹൈക്കോടതി നിലപാട് അംഗീകരിച്ചു. ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് പൊതു അതോറിറ്റിയാണെന്നും ജുഡീഷ്യറിയുടെ സ്വതന്ത്ര്യവും ഉത്തരവാദിത്വവും ഒരു പോലെ മുന്നോട്ടു പോകണമെന്നും വിധിയിൽ പറയുന്നു. ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് നൽകുന്ന സ്വത്തുവിവരവും വിവരാവകാശ നിയമപ്രകാരം കൈമാറണം. എന്നാൽ ഇത്തരം വിവരങ്ങൾ നൽകുന്നത് സ്വകാര്യതയെ ബാധിക്കുന്നുണ്ടോ എന്ന് ഇൻഫർമേഷൻ ഓഫീസർ പരിശോധിക്കണം.

ജഡ്ജിമാരുടെ നിയമരേഖകൾ കൈമാറാനും തടസ്സമില്ല. എന്നാൽ ആരുടെ വിവരമാണോ നൽകുന്നത് അവർക്ക് നോട്ടീസ് നല്കിയ ശേഷമാകണം തീരുമാനം. ജസ്റ്റിസ് എൻ വി രമണ എഴുതിയ വിധിന്യായവും പൊതു അതോറിറ്റി എന്ന കണ്ടെത്തലിനോട് യോജിക്കുന്നു. ജഡ്ജിമാരെ നിരീക്ഷിക്കാൻ ആർടിഐ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് രമണ പറയുന്നു.

അതേസമയം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ പ്രത്യേക വിധിയിൽ ചരടുകളില്ലാതെ വിവരം കൈമാറണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിയമവ്യവസ്ഥയിൽ നിന്ന് മാറിനിൽക്കാൻ അവകാശം ഉള്ളവരല്ല  ജഡ്ജിമാരെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വിവരാവകാശ നിയമത്തിൻ്റെ ചരിത്രത്തിൽ നാഴികകല്ലാണ് സുപ്രീം കോടതി വിധി. എന്നാൽ കോടതിക്കുമുന്നിലുള്ള എല്ലാ വിവരവും പുറത്തുവരാൻ വിധി സഹായിക്കുമെന്ന് ഇപ്പോൾ വിലയിരുത്താനാകില്ല.

കേസിന്‍റെ ചരിത്രം

2007 നവംബറിലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം വിവരാവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാൾ  ആ‌ർടിഐ നിയമപ്രകാരം ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യം നിരാകരിക്കപ്പെട്ടു. തുടർന്ന് അഗർവാൾ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു.

വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വരുന്നതിനാൽ സുപ്രീം കോടതി വിശദാംശങ്ങൾ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ 2009 ജനുവരി 6ന് ഉത്തരവിട്ടു. ജസ്റ്റിസ് എച്ച് എൽ ദത്തു, എ കെ ഗാംഗുലി, ആർ എം ലോധ എന്നിവരുടെ നിയമനം സംബന്ധിച്ച് കൊളീജിയവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ കത്തിടപാടുകളും വെളിപ്പെടുത്താൻ സുപ്രീം കോടതി സെൻട്രൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷൻ അന്ന് ആവശ്യപ്പെട്ടു. ( നിയമന സമയത്ത് ജസ്റ്റിസുമാരായ എപി ഷാ, എകെ പട്നായിക്, വി കെ ഗുപ്ത എന്നിവരെക്കാൾ വളരെ ജൂനിയറായിരുന്നു ഈ മൂന്നു ജഡ്ജിമാരും. അന്ന് ജസ്റ്റിസ് കെജി ബാലകൃഷ്ണനായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് )

കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഈ ഉത്തരവിനെതിരെ സുപ്രീം കോടതി സെൻട്രൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസ് ( സിപിഐഒ ) ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2009 സെപ്റ്റംബർ 2ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് ദില്ലി ഹൈക്കോടതിയുടെ സിംഗിൽ ബെഞ്ച് ശരിവെച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ടാണ് ഈ നി‌‌ർണ്ണായക വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ സുപ്രീം കോടതി സിപിഐഒ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസുമാരായ വിക്രംജിത് സെൻ, എസ് മുരളീധർ എന്നിവരടങ്ങിയ 3 അംഗ ഡിവിഷൻ ബെഞ്ച് കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് 2010 ജനുവരിയിൽ ശരിവെച്ചു, സിജെഐ ഓഫീസിന്‍റെ അധികാരി ജനങ്ങളാണെന്നും, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ജഡ്ജിമാരുടെ അവകാശമല്ല, ഉത്തരവാദിത്വമാണെന്നുമായിരുന്നു ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. ‌

തുട‌ർന്ന് സുപ്രീം കോടതി സെക്രട്ടറി ജനറലും സെൻട്രൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസറും ഹൈക്കോടതി വിധിക്കെതിരെയും കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെയും സുപ്രീം കോടതിയിൽ തന്നെ അപ്പീൽ നൽകി. 2010 നവംബർ 26ന് ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി അധ്യക്ഷനായ 2 അംഗ ബെഞ്ച്, 3 സുപ്രധാന ചോദ്യങ്ങൾ സഹിതം കേസ് 3 അംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു

ആ ചോദ്യങ്ങൾ ഇവയായിരുന്നു.

1.  അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഹാനികരമാണോ? അങ്ങനെയെങ്കിൽ അത് പൊതുജനതാൽപ്പര്യ വിരുദ്ധമാകുമോ ?

2.  വിവരങ്ങൾ വെളിപ്പെടുത്തുന്നത് കൊളീജിയം തീരുമാനത്തെ സ്വാധീനിക്കുമോ ? കൊളീജിയം അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്തുന്നതിന് വിരാമം വീഴുമോ?

3.  ആർടിഐ ആക്ട് സെക്ഷൻ പ്രകാരം സിപിഐഒയ്ക്ക് അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കാമോ ? ( സെക്ഷൻ 8 (i) (j)  പ്രകാരം പൊതുജനാവശ്യത്തിന് നിരക്കാത്ത വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തണ്ട ആവശ്യമില്ല )


 ജുഡീഷ്യറിയുടെ സ്വതന്ത്രത, സ്വകാര്യതയ്ക്കുള്ള മൗലികാവകാശം എന്നീ 2 ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നതു കൊണ്ട് 3 അംഗ ബെഞ്ച്  2018 ഓഗസ്റ്റ് 17ന് കേസ് അഞ്ചം​ഗ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, പ്രഫുല്ല സി പാന്ത്, എഎം ഖാൻവീൽക്കർ എന്നിവരടങ്ങിയതായിരുന്നു മൂന്നം​ഗ ബെഞ്ച്. ഇതിനിടെ എല്ലാ സുപ്രീം കോടതി ജഡ്ജിമാരുടെയും സ്വത്തുവിവരം സ്വമേധയാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഫുൾ കോർട്ടിൽ പ്രമേയം പാസ്സായി. 

2019 ഏപ്രിൽ 4ന് കേസിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി ഭരണഘടന ബെഞ്ച് കേസ് വിധി പറയാനായി മാറ്റിവെച്ചു. ആരും ഒന്നും മറച്ചു വെക്കാൻ ആഗ്രഹിക്കുന്നില്ല എന്നാൽ സുതാര്യതയ്ക്കു വേണ്ടി സ്ഥാപനങ്ങൾ തകർക്കാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അന്ന് നിരീക്ഷണം നടത്തിയിരുന്നു. 

ഹർജിക്കാരൻ സുഭാഷ് ചന്ദ്ര അഗർവാളിനു വേണ്ടി കേസ് വാദിച്ചത് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണാണ്. അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് സുപ്രീം കോടതി പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് വേണ്ടി കേസ് വാദിച്ചത്.