ദില്ലി: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡയിലെ ഹോഷിയാർപുരിലാണ് സംഭവം. ബിഹാർ സ്വദേശികളായ ഇരുപതുകാരനെയും ഇരുപത്തി രണ്ടുകാരിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

കഴിഞ്ഞയാഴ്ചയാണ് എട്ടുമാസം പ്രായമായ കുഞ്ഞുമായി യുവതിയും യുവാവും വാടകവീട്ടിൽ താമസത്തിന് എത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടിൽ നിന്നും കുഞ്ഞിന്‍റെ നിർത്താതെയുള്ള കരച്ചിൽ കേള്‍ക്കാൻ തുടങ്ങിയത്. പിന്നാലെ പ്രദേശവാസികളുടെ പരിശോധനയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഉടൻ തന്നെ നട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. 'മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. രൂക്ഷമായ ദുർഗന്ധം വ്യാപിച്ച് തുടങ്ങിയ മുറിയിലായിരുന്നു ആ കുഞ്ഞ് ഉണ്ടായിരുന്നത്. ആരോഗ്യനില നല്ലതല്ലെന്ന് മനസിലായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി'നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രണ്‍വിജയ് സിംഗ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ആത്മഹത്യ തന്നെയാണെന്നാണ് കരുതുന്നതെന്നും ഇതിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.