Asianet News MalayalamAsianet News Malayalam

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അരുണാചല്‍ യുവാക്കളെ ഇന്ത്യക്ക് കൈമാറി

സെപ്റ്റംബര്‍ രണ്ടിനാണ് താഗിന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അഞ്ച്  യുവാക്കളെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോകുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ചുമട്ടുകാരായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
 

China hands over 5 Arunachal Pradesh youths 10 days after
Author
new delhi, First Published Sep 12, 2020, 7:10 PM IST

ദില്ലി: അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അഞ്ച് അരുണാചല്‍ യുവാക്കളെ ഇന്ത്യക്ക് കൈമാറി. 10 ദിവസത്തിന് ശേഷമാണ് ഇവരെ വിട്ടു നല്‍കുന്നത്. കിബിത്തുവില്‍ നിന്ന് ഇവരെ എല്ലാ ഔദ്യോഗിക നടപടികള്‍ക്കും ശേഷം ഇന്ത്യന്‍ സൈന്യം സ്വീകരിച്ചെന്ന് ലെഫ്. കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈന് ശേഷം ഇവരെ വീട്ടിലേക്ക് വിടുമെന്നും സൈന്യം അറിയിച്ചു. 

ചൈനീസ് സൈന്യം അഞ്ച് പേരെയും വിട്ടു നല്‍കിയെന്നും എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും ട്വീറ്റ് ചെയ്തു.  
ഇത് മൂന്നാമത്തെ തവണയാണ് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോകുന്നതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കാണാതാകുന്നവരെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സൈന്യം എപ്പോഴും സജ്ജമായിരിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരെ ചൈന വിട്ടു നല്‍കിയത്. 

സെപ്റ്റംബര്‍ രണ്ടിനാണ് താഗിന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അഞ്ച്  യുവാക്കളെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോകുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ചുമട്ടുകാരായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. തട്ടിക്കൊണ്ടുപോയതിന് ശേഷം ഒരാളുടെ സഹോദരന്‍ സാമൂഹിക മാധ്യമത്തില്‍ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് പുറം ലോകമറിഞ്ഞത്. പിന്നീട് ഇവരെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ സൈന്യം അടിയന്തര സന്ദേശമയച്ചു. 
അതേസമയം, തങ്ങള്‍ പിടികൂടി എന്ന് ഇന്ത്യ ആരോപിക്കുന്ന അഞ്ച് പേരെക്കുറിച്ച് വിവരമില്ലെന്നായിരുന്നു തിങ്കളാഴ്ച ചൈനീസ് ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 

Follow Us:
Download App:
  • android
  • ios