ദില്ലി: പബ്ജിയടക്കം 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ചൈന രംഗത്ത്. ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നുവെന്നും തെറ്റ് തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു. ചൈനീസ് നിക്ഷേപകരുടെ നിയമപരമായ താല്‍പര്യം ഹനിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ചൈന കുറ്റപ്പെടുത്തി. 

പാംഗോങ് മേഖലയില്‍ കടന്നുകയറാനുള്ള ചൈനീസ് ശ്രമത്തിന് പിന്നാലെയാണ് ജനപ്രിയ വീഡിയോ ഗെയിം ആപ്പായ പബ്ജി അടക്കം 118 ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. സമാധാന ചര്‍ച്ചകള്‍ നടന്നിട്ടും അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നുകയറാനുള്ള ശ്രമം ചൈന തുടരുന്നതിനിടെയാണ് ഇന്ത്യ ആപ്പുകള്‍ നിരോധിച്ച് കടുത്ത നടപടി സ്വീകരിച്ചത്. 

ലോകത്ത് പബ്ജി ആപ്പ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയിലാണ്. 175 ദശലക്ഷം ആളുകളാണ് പബ്ജി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. മൊത്തം ഡൗണ്‍ലോഡിന്റെ 24 ശതമാനം വരുമിത്. നേരത്തെ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കടക്കം 59 ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. ആപ്പുകള്‍ നിരോധിക്കുന്നത് ചൈനക്കെതിരെയുള്ള ഡിജിറ്റല്‍ സ്‌ട്രൈക്കായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ നീക്കം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപകരായ ആലിബാബ കമ്പനി ആറുമാസത്തേക്ക് എല്ലാ നിക്ഷേപങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ് നിരോധനം ചൈനക്ക് മാത്രമല്ല, ഇന്ത്യക്കും തിരിച്ചടിയാകുമെന്ന് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ചൈനീസ് കമ്പനികള്‍ പോലും പിന്‍മാറാനുള്ള സാധ്യതയുണ്ടെന്ന് നിയമസ്ഥാപനമായ കൈതാന്‍ ആന്‍ഡ് കോയുടെ സഹസ്ഥാപകന്‍ അതുല്‍ പാണ്ഡെ അഭിപ്രായപ്പെട്ടു.