ദില്ലി:പ്രധാനമന്ത്രിക്കെതിരായ തന്‍റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു. അമേത്തിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് 'ചൗക്കീദാർ ചോർ ഹെ' എന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞത്. റഫാൽ പുനപരിശോധനാ ഹർജിയിൽ പുതിയ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ച ദിവസമായിരുന്നു ഇത്.

എന്നാൽ കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു എന്ന രാഹുലിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വാദം നടന്നപ്പോൾ രാഹുൽ ഗാന്ധി തന്‍റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തിൽ ബ്രാക്കറ്റിൽ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം.

എന്നാൽ ഖേദപ്രകടനം മതിയാകില്ലെന്നും നിരുപാധികം മാപ്പുപറയണം എന്നുമായിരുന്നു ബിജെപിയുടെ നിലപാടി. നടപടികളുമായി മുന്നോട്ട് പോകും എന്ന സൂചന സുപ്രീം കോടതിയും നൽകി. രാഹുൽ ഗാന്ധി മാപ്പുപറയുന്നു എന്ന് അന്നുതന്നെ അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. 'ചൗകീദാർ ചോർ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക് കേൾക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

തു‍ടർന്ന് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിർദേശിച്ചു. ഇന്ന് സുപ്രീം കോടതി 'കാവൽക്കാരൻ കള്ളനാണ് എന്ന് കോടതി കണ്ടെത്തി' എന്ന പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. എന്നാൽ 'ചൗക്കീദാർ ചോർ ഹെ' എന്ന മുദ്രാവാക്യം പിൻവലിക്കില്ലെന്ന് രാഹുൽ ഗാന്ധി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.