Asianet News MalayalamAsianet News Malayalam

ദേശീയ പൗരത്വ നിയമഭേദഗതി ബില്ല്: ലോക്സഭയിൽ ശക്തമായ വാദപ്രതിവാദം: ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലെന്ന് കോൺഗ്രസ്

ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണെന്ന് കോൺഗ്രസും ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ലോക്സഭയില്‍ 

citizenship amendment bill in lok sabha
Author
Delhi, First Published Dec 9, 2019, 12:51 PM IST

ദില്ലി:  ദേശീയ പൗരത്വ ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഡിഎംകെ സഭവിട്ടിറങ്ങി. നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറുന്നത്. ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, അടക്കമുള്ള നേതാക്കൾ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി സംസാരിച്ചു. അതേസമയം ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ അവകാശപ്പെട്ടു.

അവതരണസമയത്ത് കോൺഗ്രസ് ബില്ലിനെ എതിർത്തു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണെന്ന് കോൺഗ്രസ് സഭയില്‍ പറഞ്ഞു. ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ പറഞ്ഞു. എന്നാല്‍ ബില്‍ ഒരുശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചര്‍ച്ച നടക്കുന്നത്. 

നാടകീയ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്  ചട്ടങ്ങളെക്കുറിച്ച് അറിയില്ലെന്ന് തൃണമൂൽ അംഗം സൗഗത റോയ് സഭയില്‍ പറഞ്ഞു. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ സൗഗത റോയ്ക്കെതിരെ തിരിഞ്ഞു. തന്നെ തല്ലാനാണ് ശ്രമമെങ്കില്‍ തല്ലണമെന്ന് അദ്ദേഹം പ്രതികരിച്ചു. 

ഇന്ദിരാഗാന്ധി 1974ൽ ബംഗ്ളാദേശിൽ നിന്ന് വന്നവർക്ക് മാത്രം പൗരത്വം നല്കിയത് എന്തിനായിരുന്നുവെന്ന് അമിത് ഷാ സഭയിലെ ചര്‍ച്ചയ്ക്കിടെ ചോദിച്ചു. അയൽരാജ്യങ്ങളിൽ ഇപ്പോഴും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവർക്ക് അഭയം നല്കാനാണ് ബില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

ലീഗ് എല്ലാ പാർട്ടികളുമായും വിഷയം സംസാരിച്ചിരുന്നതായും ബില്ലിനെ പരാജയപ്പെടുത്താൻ ലീഗിന്റെ ഭാഗത്ത് നിന്ന് മികച്ച ഏകോപനം ഉണ്ടാകുമെന്നും ബിൽ പാസായാൽ ലീഗും മറ്റ് മുസ്‍ലിം സംഘടനകളും നിയമവഴി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തെരുവിലിറങ്ങിയ ജനങ്ങള്‍ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. 

ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്

  • 2014 ന് മുമ്പ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്കും
  • മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്കാവും പൗരത്വം
  • ഇന്ത്യയിലെത്തുന്ന അഭയാർത്ഥികൾ പൗരത്വം നേടാൻ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് അഞ്ചു വർഷമായി കുറയ്ക്കും
  • അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രത്യേക അവകാശമുള്ള മേഖലകളിൽ നിയമം ബാധകമാവില്ലപ്രവാസികളുടെ ഒസിഐ കാർഡ് ചട്ടലംഘനമുണ്ടായാൽ റദ്ദാക്കാം എന്ന വ്യവസ്ഥയും ബില്ലിലുണ്ട്
Follow Us:
Download App:
  • android
  • ios