ദില്ലിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി (സിജെപി) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്നും പൊലീസുകാർക്ക് പൂക്കൾ നൽകണമെന്നും ഗ്രൂപ്പുകളായി വരണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയാണ്

ദില്ലി: നാളെ രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കായി കോക്രോച്ച് ജനത പാർട്ടി (സി ജെ പി) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ഒറ്റയ്ക്ക് വരരുതെന്നും ഗ്രൂപ്പുകളായി മാത്രമേ വരാവൂ എന്നും നിർദ്ദേശമുണ്ട്. പ്രതിഷേധത്തിനിടയിൽ പൊലീസുകാരോട് മോശമായി പെരുമാറരുതെന്നും അവർക്ക് പൂക്കൾ നൽകി സമാധാനപരമായ രീതിയിൽ വിയോജിപ്പ് അറിയിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. പങ്കെടുക്കുന്നവർ ഭക്ഷണം കഴിച്ച ശേഷമേ വരാൻ പാടുള്ളൂ എന്നും, പ്രതിഷേധ പരിപാടികൾ പൂർണ്ണമായും മൊബൈലിലോ ക്യാമറയിലോ ചിത്രീകരിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാഹചര്യം വിലയിരുത്തി ദില്ലി പൊലീസ്

അതേസമയം സി ജെ പി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ദില്ലി പൊലീസ് ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യങ്ങളും വിവിധ ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്ന് ലഭിച്ച സുരക്ഷാ വിവരങ്ങളും യോഗം വിശദമായി പരിശോധിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും പൊലീസ് രൂപം നൽകിയിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാർ ആരും തന്നെ വിമാനത്താവള പരിസരങ്ങളിൽ കൂട്ടം കൂടരുതെന്ന് സി ജെ പി നേതൃത്വം ആവർത്തിച്ച് നിർദ്ദേശിച്ചു. സുരക്ഷാ അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്നും മാതൃകാ പൗരന്മാരായി പെരുമാറണമെന്നും നേതൃത്വം അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ പ്രതിഷേധങ്ങളും പൂർണ്ണമായും ഭരണഘടനാപരവും സമാധാനപരവും ആയിരിക്കുമെന്ന് സി ജെ പി നേതൃത്വം വീണ്ടും വ്യക്തമാക്കി.