ഹൈദരാബാദ്:  ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ  വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ റാവു സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കി തെലങ്കാന സര്‍ക്കാര്‍. സന്തോഷ് ബാബുവിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ നിയമന ഉത്തരവ് കൈമാറി. നേരത്തെ കേണല്‍ സന്തോഷ് കുമാറിന്‍റെ കുടുംബത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഗ്രൂപ്പ് 1 ഓഫീസറായി തെലങ്കാന സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ജൂണില്‍ നല്‍കിയ നിയമന ഉത്തരവില്‍   സ്ഥാനവും പോസ്റ്റിംഗും പരാമർശിച്ചിരുന്നില്ല. സന്തോഷിക്ക് അവര്‍ക്ക് സൌകര്യപ്രമായ ഏത് വകുപ്പിലും പോസ്റ്റിംഗ് നൽകുമെന്ന് വൈദ്യുതി മന്ത്രി ജി ജഗദീഷ് റെഡ്ഡി പറഞ്ഞിരുന്നു. ഇതിന് പുറമെ നാല് കോടി രൂപ സന്തോഷിക്കും ഒരു കോടി രൂപ സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ക്കും മുഖ്യമന്ത്രി ധനസഹായം നല്‍കുകയും ചെയ്തു. ഹൈദരാബാദില്‍ 711 ചതുരശ്ര അടി സ്ഥലവും നല്‍കുന്നതായി ചന്ദ്രശേഖര്‍ റാവു അറിയിച്ചു.

ബീഹാർ റെജിമെന്റിന്റെ 16-ാമത്തെ ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ ആയിരുന്ന കേണൽ സന്തോഷ് ബാബുവടക്കമുള്ള സൈനികര്‍ ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ്  വീരമൃത്യു വരിച്ചത്.