ദില്ലി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. കനത്ത മൂടൽ മഞ്ഞിനെത്തുടര്‍ന്ന് 34 ട്രെയിനുകൾ ഇന്ന് വൈകി ഓടുകയാണ്. ദില്ലിയുടെ 119 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞതാപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. അതോടൊപ്പം രൂക്ഷമായ വായുമലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്.

അതിനിടെ കനത്തമൂടല്‍മഞ്ഞില്‍ രാജസ്ഥാനിലെ ബോജ്‌കയിൽ രണ്ട് ബസുകളും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.  ദില്ലിയെക്കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ജനജീവിതം ദുസ്സഹമായി.

ഏകദേശം രണ്ടാഴ്ചത്തോളമായി അതിശൈത്യവും മൂടല്‍ മഞ്ഞും ദില്ലിയില്‍ തുടരുകയാണ്. കനത്ത മൂടൽമഞ്ഞിൽ കാർ അപകടത്തിൽപ്പെട്ട് ദില്ലി ഗ്രേറ്റർ നോയിഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചിരുന്നു. മൂടൽമഞ്ഞിനെ തുടർന്ന് വഴിമാറിയ കാർ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.