മുംബൈ: പ്ലാസ്റ്റിക് കപ്പ് ഉപയോഗിച്ചതിന് 5000 രൂപ സ്വയം പിഴ ചുമത്തി കളക്ടര്‍. മഹാരാഷ്ട്രയിലെ ബീഡിലെ ജില്ലാകളക്ടറായ അസ്തീക് കുമാര്‍ പാണ്ഡെയാണ് തനിക്ക് തന്നെ പിഴ ചുമത്തിയത്. കളക്ടറുടെ ഓഫീസില്‍ പ്ലാസ്റ്റിക് കപ്പ് ഉപയോഗിച്ചത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയതോടെയായിരുന്നു നടപടി.

കളക്ടറുടെ ഓഫീസില്‍ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതിയായിരുന്നു തിങ്കള്‍. അന്നേ ദിവസം വരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടാനായി വിളിച്ചുചേര്‍ത്ത കോണ്‍ഫറന്‍സിലാണ് മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

പരിപാടിക്കെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്ലാസ്റ്റിക് കപ്പിലാണ് ചായ നല്‍കിയത്. സംസ്ഥാനമൊട്ടാകെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ സാഹചര്യത്തില്‍ ഇത് ആ തീരുമാനത്തിന്‍റെ ലംഘനമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇത് ശരിവച്ച കളക്ടര്‍ അപ്പോള്‍ തന്നെ സ്വയം 5000 രൂപ പിഴ ചുമത്തി. 

വാര്‍ത്താസമ്മേളനത്തിന് ശേഷം  കളക്ടറുടെ ഓഫീസില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം നടപ്പിലാക്കാത്തതില്‍ ഉദ്യോഗസ്ഥരെ ശകാരിച്ചു. രാജ്യമൊട്ടാകെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ തയ്യാറെടുക്കുകയാണ്.