Asianet News MalayalamAsianet News Malayalam

സുപ്രീംകോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് കൊളീജിയം; ആദ്യ വനിത ചീഫ് ജസ്റ്റിസിന് സാധ്യത

ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ  ആദ്യമായി  ഒരു വനിത ചീഫ് ജസ്റ്റിസ് ആകും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാൻ കൊളീജിയം ശുപാര്‍ശ ചെയ്തു

collegium recommends nine judges to supreme court
Author
Delhi, First Published Aug 18, 2021, 10:58 AM IST

ദില്ലി: മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്ത്  കൊളീജിയം. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ  ആദ്യമായി  ഒരു വനിത ചീഫ് ജസ്റ്റിസ് ആകും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാൻ കൊളീജിയം ശുപാര്‍ശ ചെയ്തു

ഇത് ആദ്യമായാണ് ഇത്രയും അധികം ജഡ്ജിമാരെ ഒന്നിച്ച് കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊലീജിയം ശുപാര്‍ശ ചെയ്ത വനിത ജഡ്ജിമാര്‍. ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാൽ 2027ൽ ജസ്റ്റിസ് നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും. മാത്രമല്ല, സുപ്രീംകോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം നാലായി ഉയരും. 

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പി.എസ്.നരസിംഹ തുടങ്ങിയ പേരുകളും കൊളീജിയത്തിന്‍റെ ശുപാര്‍ശയിലുണ്ട്. ഒരു ജഡ്ജിക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആന്ധ്രഹൈക്കോടതിയിൽ നിന്ന് സിംക്കിംഗ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജഡ്ജിയായിരുന്നു ജസ്റ്റിസ് ജെ കെ മഹേശ്വരി. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് വനിത ജഡ്ജിമാരിൽ ജസ്റ്റിസ് ഹിമ കോലിയെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുന്നത്. 

സീനിയോറിറ്റി പ്രകാരം സുപ്രീംകോടതി ജഡ്ജിയാകേണ്ട തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ ഇത്തവണയും പരിഗണിച്ചില്ല. സൊറാബുദ്ദീൻഷേക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ പൊലീസ് കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ് ഖുറേഷിയെ മാറ്റി നിര്‍ത്തുന്നതിൽ മുമ്പ് കൊളീജിയത്തിന്‍റെ ഭാഗമായിരുന്ന ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ പ്രതിഷേധിച്ചിരുന്നു. റൊഹിൻടൺ നരിമാൻ വിരമിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കി 9 പേരുടെ പട്ടിക കൊളീജിയം തയ്യാറാക്കിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios