ഭരണഘടനയെ തൊഴുന്ന ചിത്രവും മോദി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. 

ദില്ലി: ഭരണഘടനയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാ​ഗത്തിൽനിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും മോദി എക്സിൽ കുറിച്ചു. ഇന്ന് എൻഡിഎ യോ​ഗത്തിന് എത്തിയപ്പോൾ ഭരണഘടന തൊഴുന്ന ചിത്രവും മോദി പങ്കുവച്ചു. മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തുമെന്ന പ്രതിപക്ഷ വിമർശനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് ബിജെപി വിലയിരുത്തല്‍. 

തുടര്‍ച്ചയായി മൂന്നാം തവണയും മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാവുകയാണ്. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു.

Scroll to load tweet…

ഫോട്ടോക്ക് വേണ്ടി മാത്രമുള്ള സഖ്യമെന്ന പരിഹാസം ഇന്ത്യ സഖ്യത്തിനെതിരെ ഉയര്‍ത്തിയ മോദി ഒരു പതിറ്റാണ്ട് കഴിഞ്ഞാലും നൂറ് കടക്കില്ലെന്നും പറഞ്ഞു. സെന്‍ട്രല്‍ ഹാളില്‍ പതിവിന് വിരുദ്ധമായി ഏറെ സമയം ചെലവഴിച്ച മോദി അദ്വാനിയേയും മുരളീമനോഹര്‍ ജോഷിയേയും, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കണ്ട് ആശിര്‍വാദം തേടി. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മോദിയുടെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറും. 

YouTube video player