ബെംഗളുരു: കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്‍റെ സമവായ നീക്കങ്ങൾ വീണ്ടും പൊളിയുന്നതായി സൂചന. നാളെയോ മറ്റന്നാളോ ആയി വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടും നിലപാട് മാറ്റി. ബിജെപി നേതാക്കൾ ചരട് വലിച്ചതോടെയാണ് നാഗരാജ് നിലപാട് മാറ്റിയത്.

ഇന്ന് മുംബൈയ്ക്ക് തിരികെപ്പോയ വിമതൻ കെ സുധാകറിനൊപ്പം എംടിബി നാഗരാജും പോയിട്ടുണ്ട്. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്. 

ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് രാജി പിൻവലിക്കുന്നതായി മുൻ മന്ത്രി കൂടിയായിരുന്ന എംടിബി നാഗരാജ് പ്രഖ്യാപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് എംടിബിയുടെ വീട്ടിലെത്തിയ ഡി കെ ശിവകുമാർ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സിദ്ധരാമയ്യയെ കാണാൻ തയ്യാറായത്. അതിന് ശേഷം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എംടിബി നാഗരാജിനെ കാണാനെത്തി. ഈ മാരത്തൺ ചർച്ചകൾക്കെല്ലാം ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമതൻ തയ്യാറായത്. 

നാഗരാജിനൊപ്പം രാജി വച്ച കെ സുധാകറും രാജി പിൻവലിക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ നാഗരാജ് പറഞ്ഞിരുന്നു. രണ്ട് പേരെ തിരിച്ചെത്തിക്കാനായതിന്‍റെ ആശ്വാസത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യനേതൃത്വം ബാക്കിയുള്ളവരുമായി ചർച്ചകൾ നടത്തുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി. യെദിയൂരപ്പ നേരിട്ട് ഇടപെട്ട് ചരടു വലിച്ചു. മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോക ഇടപെട്ട് നാഗരാജിനെ വിളിച്ചിറക്കി തിരികെ മുംബൈയ്ക്ക് കൊണ്ടുപോയി. 

ഇതോടെ മുംബൈയിലുള്ള എംഎൽഎമാരെ തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മങ്ങി. ഇന്നലെ സുപ്രീംകോടതിയിൽ സ്പീക്കർക്കെതിരെ ഹർജി സമർപ്പിച്ചവരിൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട എംടിബി നാഗരാജും സുധാകറുമുണ്ടായിരുന്നു. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നുമാണ് എംഎൽഎമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രീംകോടതിയെ സമീപിച്ച എംഎൽഎമാർ പറയുന്നു.

പുതുതായി അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലെത്തിയതോടെ, സ്പീക്കർക്കെതിരെ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചവരുടെ എണ്ണം 15 ആയി. വിശ്വാസവോട്ടിന് സഖ്യസർക്കാരും ബിജെപിയും ഒരുങ്ങുമ്പോൾ, എല്ലാ എംഎൽഎമാരെയും ഇരുപാർട്ടികളും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിശ്വാസവോട്ടിന് തയ്യാറാണെന്നും, ഇനി സഭയിൽ കാണാമെന്നും യെദിയൂരപ്പയും പറഞ്ഞിട്ടുണ്ട്. 

ഇപ്പോൾ കണക്കിലെ കളിയെന്ത്?

ആകെ കർണാടക നിയമസഭയിൽ അംഗസംഖ്യ - 225 (സ്പീക്കറെയും നോമിനേറ്റഡ് അംഗത്തെയും ചേർത്ത്)

കേവലഭൂരിപക്ഷം - 113 

കോൺഗ്രസ് + ദൾ + കെപിജെപി + ബിഎസ്‍പി + നോമിനേറ്റഡ് = 119

ബിജെപി - 105

രാജിക്കത്തുകളെല്ലാം സ്വീകരിച്ചാൽ:

11 കോൺഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരുമാണ് രാജി വച്ചത്. രാജിക്കത്തുകൾ സ്വീകരിക്കപ്പെട്ടാൽ, 

225 അംഗ നിയമസഭയിലെ എണ്ണം - 225-14 = 211 ആയി ചുരുങ്ങും.

അപ്പോൾ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 211 / 2 = 106 (105.5 എന്ന സംഖ്യ 106 തന്നെയായി കണക്കാക്കും) 

അധികാരം കിട്ടാൻ വേണ്ട എണ്ണം = 106 + 1 = 107. 

ഇതിനിടെ സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച്, സ്വതന്ത്രൻ എച്ച് നാഗേഷ് മന്ത്രിപദവി രാജി വച്ച്, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരംഗം കൂടി സഖ്യസർക്കാരിൽ നിന്ന് കുറഞ്ഞു. കെപിജെപിയും പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം പോയി. കൂടെ ഒരു കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്‍ഗ് രാജി വച്ചു. ഇതോടെ,

കോൺഗ്രസിന്‍റെയും ജെഡിഎസ്സിന്‍റെയും അംഗസംഖ്യ = 119 - 6 = 103

ബിജെപി - 105 + 2 (സ്വതന്ത്രന്‍റെയും കെപിജെപിയുടെയും പിന്തുണ) = 107  

രാജി വച്ച എംഎൽഎമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ 107 ആയി ഭൂരിപക്ഷം എന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 സ്വന്തം കയ്യിലുണ്ടെന്നാണ് യെദിയൂരപ്പ പറയുന്നത്.