കൊല്ലപ്പെട്ടത് നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. കൊല്ലപ്പെട്ടത് നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഇഷ്ഫക് അഹ്ഘാനി, യാർവാർ അയൂബ് ദർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ലഡാക്ക് അപകടം: 19 സൈനികർ ചികിത്സയിൽ
ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് വീരമൃത്യു മരിച്ച മലയാളിയടക്കമുള്ള ഏഴ് സൈനികരുടെ മൃതദേഹം ദില്ലിയിൽ എത്തിച്ചു. .മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ചത്. ഇന്ന് രാത്രിയോടെ ഷൈജലിൻ്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും എന്നാണ് വിവരം.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞത്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്പിൻ്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു.
60 അടി താഴ്ചയിലുള്ള നദിയിലേക്കാണ് ബസ് വീണത്. 19 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു.ഇവരിൽ ചിലരെ ഹരിയാനയിലെ പഞ്ച് കുലയിലെ സൈനികാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പർതാപൂറിലേക്ക് വിദഗ്‍ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി സൈന്യം അറിയിച്ചു.ഗുരുതരമായി പരിക്കേറ്റവരെ മറ്റു സൈനിക ആശുപത്രികളിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായവും തേടി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ജമ്മു കശ്മീർ ലഫ് ഗവർണർ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
