പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചു. പരീക്ഷ റദ്ദാക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുകയെന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് സിബിഎസ്ഇ പരിഗണിക്കുന്നതെന്നാണ് സൂചന.

ദില്ലി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന ഹർജി നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

പരീക്ഷ റദ്ദാക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുകയെന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് സിബിഎസ്ഇ പരിഗണിക്കുന്നതെന്നാണ് സൂചന. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പരീക്ഷയെഴുതേണ്ട കുട്ടികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസ്സിലാക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താമെന്നായിരുന്നു നേരത്തെയുള്ള സിബിഎസ്ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം മഹാരാഷ്ട്ര, ദില്ലി, ഒഡീഷ സംസ്ഥാനങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്.