Asianet News MalayalamAsianet News Malayalam

പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ കേന്ദ്രനീക്കം; ആരോപണവുമായി കോണ്‍ഗ്രസ്

നിലവില്‍ 543 അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്. ഇത് ആയിരം ആക്കി ഉയര്‍ത്താനാണ് കേന്ദ്രനീക്കമെന്നാണ് മനീഷ് തിവാരിയുടെ ആരോപണം.

congress alleges that central government tries to increase Lok Sabha members numbers
Author
Delhi, First Published Jul 26, 2021, 7:56 AM IST

ദില്ലി: ലോക്സഭ അംഗങ്ങളുടെ എണ്ണം ആയിരമായി ഉയർത്താൻ സർക്കാർ രഹസ്യനീക്കം നടത്തുന്നു എന്ന് കോൺഗ്രസ് ആരോപണം. പുതിയ പാർലമെന്‍റ് മന്ദിരം പൂർത്തിയാക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പിൽ അംഗങ്ങളുടെ എണ്ണം ഉയർത്തുമെന്നാണ് കോൺഗ്രസ് ഉയർത്തുന്ന സംശയം. ലോക്സഭ അംഗങ്ങളുടെ എണ്ണം നിലവിലെ 543 ആയി നിശ്ചയിച്ചത് 1977ലാണ്. അന്ന് ഇന്ത്യയിലെ ജനസംഖ്യ 55 കോടി ആയിരുന്നു. ജനസംഖ്യ ഇപ്പോൾ ഇരട്ടിയിലധികമായി ഉയർന്ന പശ്ചാത്തലത്തിൽ എംപിമാരുടെ എണ്ണവും കൂട്ടണം എന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും ഈ നിർദ്ദേശത്തെ പിന്തുണച്ചിരുന്നു. 

ലോക്സഭയിലെ അംഗസംഖ്യ ആയിരമാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു എന്നാണ് കോൺഗ്രസ് ഇപ്പോൾ ആരോപിക്കുന്നത്. ഭരണപക്ഷത്ത് നിന്ന് വ്യക്തമായ സൂചന ഇക്കാര്യത്തിൽ കിട്ടിയെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ട്വീറ്റ് ചെയ്തു. രഹസ്യനീക്കം നടത്താതെ വിശാല പൊതുചർച്ച ഇക്കാര്യത്തിൽ വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം കുറയ്ക്കാൻ ഇത് ഇടയാക്കും എന്ന് കാർത്തി ചിദംബരം കുറ്റപ്പെടുത്തി. 

പുതിയ പാർലമെന്‍റ് മന്ദിരം അടുത്ത വർഷം അവസാനം പൂർത്തിയാവും. ആയിരത്തിലധികം പേരെ ഉൾക്കൊള്ളാൻ പുതിയ ലോക്സഭയ്ക്ക് കഴിയും. ലോക്സഭ അംഗസംഖ്യ കൂട്ടാൻ ആലോചനയുണ്ടായിരുന്നു എന്നതിന് ഇത് തെളിവെന്നും കോൺഗ്രസ് പറയുന്നു. ജനസംഖ്യ അടിസ്ഥാനത്തിൽ നിശ്ചയിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എംപിമാരുടെ എണ്ണം കൂടും. വനിതാസംവരണം നടപ്പാക്കുന്നതിൽ ഇപ്പോഴുള്ള എതിർപ്പും അംഗസംഖ്യ കൂട്ടി നേരിടാം എന്ന ആലോചനയുമുണ്ട്. ആയിരത്തിൽ മൂന്നിലൊന്ന് വനിതകൾക്കായി നീക്കിവച്ചാൽ നിലവിൽ ഉള്ളവരുടെ സ്ഥാനത്തിന് ഭീഷണിയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios