Asianet News MalayalamAsianet News Malayalam

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഗാധമായ ഉറക്കത്തില്‍'; രൂക്ഷ വിമര്‍ശനവുമായി യെദിയൂരപ്പ

സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കാനും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുന്നതിനായി സംസ്ഥാന വ്യാപകമായി ബിജെപി ക്യാമ്പയിന്‍ നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു.

Congress government in Karnataka in deep slumber, says Yediyurappa
Author
First Published Sep 17, 2023, 5:16 PM IST

ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ. സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്നും എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുകയാണെന്നും ബി.എസ്. യെദിയൂരപ്പ ആരോപിച്ചു. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ അഗാധമായ ഉറക്കത്തിലാണെന്നും ഈ സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കേണ്ടതുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

ഉറക്കം വെടിഞ്ഞ് നടപടി സ്വീകരിക്കുന്നതിനായി സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കാനും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുന്നതിനായി സംസ്ഥാന വ്യാപകമായി ബിജെപി ക്യാമ്പയിന്‍ നടത്തും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. അയല്‍സംസ്ഥാനത്തുനിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്നാണ് തമിഴ്നാടിന് കാവേരി നദീജലം സിദ്ദരാമയ്യ സര്‍ക്കാര്‍ നല്‍കുന്നതെന്നും യെദിയൂരപ്പ ആരോപിച്ചു. സംസ്ഥാന വ്യാപക ക്യാമ്പയിന് മുന്നോടിയായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ചും കുരുദുമലെയിലെ ഗണേശ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യെദിയൂരപ്പ. 

നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്ന് പ്രാര്‍ഥിക്കാനാണ് മറ്റു നേതാക്കള്‍ക്കൊപ്പം ഇവിടെ എത്തിയത്. ഗണേശോത്സവത്തിനുശേഷമായിരിക്കും സംസ്ഥാന വ്യാപകമായി യാത്ര ചെയ്യുക. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടും. ഒരോ ജില്ലയിലും സന്ദര്‍ശനം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരുമായി യോഗം ചേര്‍ന്ന് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.  ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റില്‍ 25 എണ്ണത്തില്‍ കുറയാതെയുള്ള വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ആത്മവിശ്വാസമുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പദ്ധതികളെല്ലാം തല്‍ക്കാലത്തേക്കുള്ളവയാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ജലസേചന പദ്ധതികളും നിശ്ചലമായി. വാഗ്ദാനങ്ങളെക്കുറിച്ച് മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലത്തിന്‍റെ അളവ് കുറവായിട്ടും തമിഴ്നാടിന് കാവേരി നദീജലം നല്‍കുകയാണ്. കര്‍ണാടകയേക്കാള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും താല്‍പര്യം തമിഴ്നാടിനോടാണോയെന്ന് തോന്നിപോകാം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസുമായുള്ള സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിനൊപ്പം നിലനില്‍ക്കുമെന്നും യെദിയൂരപ്പ കൂട്ടിചേര്‍ത്തു.

Follow Us:
Download App:
  • android
  • ios