ദില്ലി: കോൺഗ്രസ് പ്രവർത്തകസമിതിക്ക് മുമ്പ് പാർട്ടിയിൽ ആശയക്കുഴപ്പം. കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് നിരവധി മുതിർന്ന നേതാക്കൾ സോണിയഗാന്ധിക്ക് കത്തയച്ചു. സോണിയഗാന്ധിക്ക് 23 നേതാക്കൾ കത്ത് നല്‍കിയെന്ന് റിപ്പോർട്ട്. പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു.

നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കൾ കത്തയച്ചത്. പാർട്ടിയിൽ ചിലർ ഭിന്നതയ്ക്ക് ശ്രമിക്കുന്നു എന്ന് ചില മുതിർന്ന നേതാക്കൾ കത്തിൽ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയുടെ വരവ് ചിലർ ചെറുക്കുന്നു എന്ന പ്രചാരണം ഇതിന്‍റെ ഭാഗമാണ് എന്നാണ് ആരോപണം. പാർലമെന്‍റി ബോർഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. ശശി തരൂർ പിജെ കുര്യൻ എന്നിവരും കത്ത് നല്‍കിയെന്നാണ് സൂചന.