500രൂപക്ക് ഗ്യാസ്, ജാതിസെന്‍സന്‍സ്, 25ലക്ഷംരൂപയുടെ ആരോഗ്യഇന്‍ഷ്വറന്‍സ്, രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക
കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച 7 ഗ്യാരന്‍റികളും പ്രകടനപത്രികയില്‍ ഇടം നേടി.

ജയ്പൂര്‍: അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന ഉറപ്പുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കി.25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍. കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച 7 ഗ്യാരന്‍റികളും പ്രകടനപത്രികയില്‍ ഇടം നേടി. പഞ്ചായത്ത് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്‍റ് ,സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് താങ്ങുവില ഉറപ്പാക്കാന്‍ പ്രത്യേക നിയമം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. ശനിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാണ്. മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരിന് അയവില്ല. സച്ചിന്‍ പൈലറ്റുമായി ഒരു പ്രശ്നവുമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗലോട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചെങ്കിലും പരസ്പരമുള്ള പോര് അയയുന്നില്ല. പ്രചാരണം നയിക്കുന്നത് താനാണെന്നും, മുഖ്യമന്ത്രികസേര തന്നെ വിട്ടൊഴിയുന്നില്ലെന്നുമുള്ള ഗലോട്ടിന്‍റെ പ്രതികരണം സച്ചിനെ വല്ലാതെ ചൊടിപ്പിച്ചു. രാജസ്ഥാനില്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തില്‍ പോലും സജീവമാകാതെ മധ്യപ്രദേശിലെ പ്രചാരണത്തിലേക്ക് നീങ്ങി സച്ചിന്‍ പ്രതിഷേധം അറിയിച്ചു.കുപിതനായ ഗലോട്ട് സച്ചിന്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രി പിന്നിട്ട് കോണ്‍ഗ്രസ് വാര്‍ റൂമില്‍ നടന്ന യോഗം ഇരുവരും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കുന്നതിനായിരുന്നു. പിന്നീട് രാഹുല്‍ഗാന്ധിയും സച്ചിനെ കണ്ടു. പിന്നാലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇരു നേതാക്കളുടെയും കൈപിടിച്ചുയര്‍ത്തി പ്രശ്നങ്ങളില്ലെന്ന സന്ദേശം നല്‍കിയെങ്കിലും സച്ചിനും ഗലോട്ടും അടുത്തിട്ടില്ല. ഗലോട്ടിന്‍റെ ജനകീയതയും, കാര്യമായ ഭരണ വിരുദ്ധ വികാരമില്ലാത്തതും പാര്‍ട്ടിക്ക് ആശ്വാസമാണെങ്കിലും തമ്മിലടി തലവേദന തന്നെയാണ്
രണ്ട് ബാറ്റ്സ്മാന്‍ മാര്‍ പരസ്പരം റണൗട്ടാക്കാന്‍ നോക്കുന്നവെന്ന പരിഹാസം ഗലോട്ടിനും സച്ചിനുമെതിരെ റാലികളില്‍ ആവര്‍ത്തിച്ചുന്നയിച്ച് കോണ്‍ഗ്രസിലെ തമ്മിലടി പ്രധാനമന്ത്രി കത്തിക്കുകയാണ്. ആഭ്യന്തര കലഹത്തില്‍ വലഞ്ഞിരുന്ന ബിജെപിക്ക് സച്ചിന്‍ ഗോലോട്ട് പോര് അവസാനഘട്ടത്തില്‍ ആയുധമായിരിക്കുകയാണ്.