ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക് ഗോഡ്സെയെ പരാമര്‍ശിച്ചതിന്‍റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് താക്കൂറിന്‍റെ പരാതി. തന്നെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മധ്യപ്രദേശിലെ കമലാ നെഹ്റു പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രഗ്യാ സിംഗ് പരാതി നല്‍കിയത്. 

നവംബര്‍ 27 ന് നടന്ന ലോക്സഭാ സമ്മേളനത്തില്‍ പ്രഗ്യാ സിംഗ് നാഥൂറാം ഗോഡ്സെയെ പരാമര്‍ശിച്ചിരുന്നു. എസ്‍പിജി ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രഗ്യാ സിംഗ് നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന പ്രസ്താവന നടത്തിയത്.  പിന്നീട് പ്രഗ്യാ സിംഗ് പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. 

''പ്രഗ്യാ സിംഗിന്‍റെ കോലം മാത്രമല്ല, ഇവിടെ വന്നാല്‍ പ്രഗ്യാ സിംഗിനെ തന്നെ കത്തിക്കും'' എന്നായിരുന്നു മധ്യപ്രദേശിലെ ബിയോറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഗോവര്‍ദ്ധന്‍ ദങ്കി പറഞ്ഞത്. എന്നാല്‍ തന്‍റെ വാക്കുകളില്‍ ഗോവര്‍ദ്ധന്‍ മാപ്പുപറയുകയും ചെയ്തിരുന്നു.