Asianet News MalayalamAsianet News Malayalam

'ബിജെപി വിരുദ്ധ സര്‍ക്കാരിന്‍റെ ഭാഗമാകണം'; സോണിയ ഗാന്ധിക്ക് എംഎല്‍എമാരുടെ കത്ത്

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ദില്ലിയിലേക്ക് സഞ്ജയ് റാവത്ത് തിരിക്കുക. 

congress mla send letter to sonia gandhi
Author
delhi, First Published Nov 11, 2019, 10:05 AM IST

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് എതിരെയുള്ള സർക്കാരിൽ ഭാഗമാകണമെന്ന് കോൺഗ്രസില്‍ ആവശ്യം. ഇതുസംബന്ധിച്ച് ഒരുവിഭാഗം കോൺഗ്രസ്‌ എംഎല്‍എ മാർ സോണിയ ഗാന്ധിക്ക് കത്തയച്ചു. രാവിലെ പത്ത് മണിക്ക് മഹാരാഷ്ട്ര കോൺഗ്രസ്‌ നേതാക്കൾ സോണിയ ഗാന്ധിയെ ദില്ലിയിലെ വീട്ടിലെത്തി കാണും. കോൺഗ്രസ്‌ പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. 

അതേസമയം ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍സിപി നേതാവ് ശരത് പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ദില്ലിയിലേക്ക് സഞ്ജയ് റാവത്ത് തിരിക്കുക. നേരത്തെ ശിവസേന എൻഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താൽ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. ശിവസേനയെ പിന്തുണയ്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് എന്‍സിപി അറിയിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായി ശിവസേന എംപിയും കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുന്നതായി ഇന്ന് അറിയിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമായി വേണം ശിവസേനയുടെ പുതിയ നീക്കത്തെ കാണാന്‍. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം രാജിവക്കുന്നുവെന്നായിരുന്നു അരവിന്ദ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. 288 അംഗങ്ങളുള്ള നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 56 അംഗങ്ങളുമാണുള്ളത്.

Follow Us:
Download App:
  • android
  • ios