Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി സാക്ഷി, പൊതുവേദിയിൽ മന്ത്രിയും എം പിയും ഏറ്റുമുട്ടി; സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷക്കെത്തി

വികസന പദ്ധതികളുമായി ബന്ധപ്പെട്ട ബിജെപി മന്ത്രിയുടെ പ്രസംഗമാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്

Congress MP D K Suresh fight with Karnataka minister Ashwath Narayan at public event
Author
Bengaluru, First Published Jan 3, 2022, 5:02 PM IST

ബംഗലുരു: കര്‍ണാടകയിലെ പൊതുചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. സംസ്ഥാന മന്ത്രിയും സ്ഥലം എം പിയും തമ്മിൽ പൊതു വേദിയിൽ രൂക്ഷമായ തർക്കവും കയ്യേറ്റശ്രമവും നടന്നു. മുഖ്യമന്ത്രിയെ സാക്ഷിയാക്കിയാണ് നേതാക്കൾ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി കയ്യേറ്റത്തിനടുത്തുവരെ കാര്യങ്ങളെ എത്തിച്ചത്. രാമനഗരയിലെ പൊതുചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി അശ്വത് നാരായണയുടെ (Karnataka minister Ashwath Narayan) പ്രസംഗമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചുമുന്നേറിയപ്പോൾ വേദിയിലുണ്ടായിരുന്ന എംപി ഡികെ സുരേഷ് (Congress MP D K Suresh) ചോദ്യം ചെയ്തു.

വികസന പദ്ധതികളുമായി ബന്ധപ്പെട്ട ബിജെപി മന്ത്രിയുടെ പ്രസംഗമാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിനും ജെഡിഎസ്സിനും സ്വാധീനമുള്ള മണ്ഡലമാണ് രാമനഗര. വോട്ട് വാങ്ങുന്നതല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഡി കെ സുരേഷും മന്ത്രി അശ്വത് നാരായണയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മൈക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡി കെ സുരേഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇതെല്ലാം കണ്ട് ഏറെനേരം വേദിയിലുണ്ടായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ സഹോദരനാണ് ഡി കെ സുരേഷ് എംപി.

 

Follow Us:
Download App:
  • android
  • ios