ദില്ലി: കേന്ദ്ര സര്‍ക്കാറിന്‍റെ ഭരണ പരാജയം തുറന്നുകാട്ടാന്‍ ഭാരതപര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 'യുവ ആക്രോശ്' എന്ന പേരിലായിരിക്കും രാഹുല്‍ഗാന്ധിയുടെ യാത്ര. ഭരണപരാജയത്തിനൊപ്പം സിഎഎ, എന്‍ആര്‍സി വിഷയങ്ങളും ഉയര്‍ത്തി ബിജെപി സര്‍ക്കാറിനെതിരെ പോരാടാനാണ് രാഹുല്‍ഗാന്ധിയുടെ യാത്ര. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന് തീരുമാനമെടുത്തത്.  കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ പ്രശ്നങ്ങളും യാത്രയില്‍ ഉയര്‍ത്തും. അതേസമയം, യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുക്കുന്നതായിരിക്കും യാത്രയെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നു. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് പിന്നില്‍പോയെന്ന ആരോപണം മറികടക്കാനും യാത്ര സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയതലത്തില്‍ സിഎഎ, എന്‍ആര്‍സി സമരം ഏറ്റെടുക്കുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് രാഷ്ട്രീയ വിമര്‍ശനമുയര്‍ന്നിരുന്നു.

വിവാദ നിയമങ്ങളെ എതിര്‍ക്കുന്നതോടൊപ്പം സാമ്പത്തിക മേഖലയിലെ തകര്‍ച്ചയും അടിസ്ഥാന പ്രശ്‌നങ്ങളിലുമൂന്നിയുള്ള യാത്രയിലൂടെ ജനങ്ങളിലേക്ക് തിരിച്ചെത്താനാവുമെന്നാണ്‌കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. 'സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ പരിഗണിക്കേണ്ടതാണെന്നതില്‍ സംശയമില്ല. അതിലുപരി രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യവസായികളും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതുണ്ട്. അതോടൊപ്പം ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുകയും വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

യാത്രക്ക് മുന്നോടിയായി ജനുവരി 28ന് ജയ്പൂരി തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് ചര്‍ച്ച നടത്തും. ഇന്ത്യന്‍ യുവത്വത്തിന്‍റെ ശബ്ദമാണ് രാഹുല്‍ഗാന്ധി. യുവജനങ്ങളെ കേള്‍ക്കാനാണ് രാഹുല്‍ എത്തുന്നത്. കേന്ദ്രം യുവാക്കളെ പരിഗണിക്കുന്നില്ലെന്നും  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സിഎഎ, എന്‍ആര്‍സി പോലുള്ള വിവാദ വിഷയങ്ങള്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി 30ന് വയനാട്ടില്‍ നടക്കുന്ന സിഎഎ വിരുദ്ധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് അണ്‍എംപ്ലോയ്മെന്‍റ് എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറിനെതിരെ സമരം ആസൂത്രണം ചെയ്യുന്നുണ്ട്. രാഹുല്‍ ഗാന്ധി സാമ്പത്തിക നയങ്ങള്‍ ചര്‍ച്ചയാക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി വക്താവ് ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു. യുപിഎ സര്‍ക്കാറിന്‍റെ അഴിമതിയും സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയും രാഹുല്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.