ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ യുഎസ് സന്ദർശനത്തിനിടെയുണ്ടായ പ്രോട്ടോക്കോൾ ലംഘനം പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. യുവ ബിജെപി എംപി ഡൊണാൾഡ് ട്രംപിനെ കണ്ടത് വിവാദമാകുന്നു.
ദില്ലി: ശശിതരൂരിന്റെ പ്രതിനിധി സംഘാംഗങ്ങൾ യുഎസ് സന്ദർശനത്തിനിടെ പ്രോട്ടോക്കോൾ ലംഘനം നടത്തിയത് പാർലമെന്റിൽ ആയുധമാക്കാൻ കോൺഗ്രസ്. ബിജെപിയുടെ യുവ എംപിയോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷത്തോടെ സംസാരിച്ചെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണിത്. ബിജെപി നേതൃത്വവും സംഭവത്തിൽ കടുത്ത അതൃപ്തിയിലാണ്.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജൂൺ 3 നാണ് അമേരിക്കയിലെത്തിയത്. അമേരിക്കൻ ഉപരാഷ്ട്രപതി ജെഡി വാൻസിനെയാണ് പ്രതിനിധി സംഘം ഔദ്യോഗികമായി കണ്ടത്. ഡോണൾഡ് ട്രംപുമായി നേരിട്ട് സംഘം കൂടികാഴ്ച നടത്തിയിരുന്നില്ല. എന്നാൽ സംഘത്തിലെ അംഗമായ മഹരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി മിലിന്ദ് ദിയോറ ഡൊണാൾഡ് ട്രംപിന്റെ മക്കളെയും കുടുംബാംഗങ്ങളെയും കണ്ട് പ്രത്യേകം ചർച്ച നടത്തി. ഒരു യുവ ബിജെപി എംപി ഫ്ലോറിഡയിലെ ഡൊണാൾഡ് ട്രംപിന്റെ വസതിയിലെത്തി കൂടികാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും വന്നു. അമേരിക്കയിലെ ചില ബന്ധങ്ങൾ ഉപയോഗിച്ചാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള എംപിയെന്നാണ് ട്രംപിനെ അദ്ദേഹത്തോട് അടുപ്പമുള്ളവർ അറിയിച്ചത്.
കൂടികാഴ്ച ഒട്ടും സൗഹൃദപരമായിരുന്നില്ലെന്നും, ട്രംപ് എംപിയെ ശകാരിച്ചെന്നും റിപ്പോർട്ടുകൾ വന്നു. ഈ യുവ എംപി തേജസ്വി സൂര്യയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖർഗെ ഇക്കാര്യത്തിൽ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ട് പ്രസ്താവന എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഈമാസം 21 ന് പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെ വിഷയം ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. വിദേശ കാര്യ മന്ത്രാലയം പ്രോട്ടോക്കോൾ ലംഘനത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സഭയിൽ ആവശ്യപ്പെടും. തുടർച്ചയായ വിവാദ പരാമർശങ്ങളിലൂടെ കോൺഗ്രസിനെ വെട്ടിലാക്കുന്ന ശശി തരൂർ എംപിയും പ്രതിനിധി സംഘാംഗങ്ങളുടെ പ്രോട്ടോക്കോൾ ലംഘനം പാർട്ടിയെ അറിയിച്ചിട്ടില്ല. പ്രോട്ടോക്കോൾ ലംഘനത്തിൽ ബിജെപി ദേശീയ നേതൃത്വം എംപിമാരെ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് സൂചന.
