ദില്ലി: നിലവിലെ പാർലമെന്റ് മന്ദിരത്തോട് ചേർന്ന് പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. 90 വർഷം പഴക്കമുള്ളതാണ് ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ആലോചിക്കുന്നത്.

ഇക്കാര്യത്തിൽ ആർക്കിടെക്‌ചർ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന രൂപരേഖ നോക്കിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി അറിയിച്ചു. "നമ്മുടെ വിദഗ്‌ധർ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിന് ശേഷം ആരെങ്കിലും ഇത് പ്രഖ്യാപിക്കും," മന്ത്രി പറഞ്ഞു. 

എംപിമാരെ കൂടുതലായി ഉൾക്കൊള്ളാൻ സാധിക്കും വിധം പാർലമെന്റിലെ ഇരുസഭകളുടെയും ചേംബർ നവീകരിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള ദൂരത്ത് വൻ മാറ്റത്തിനുള്ള പദ്ധതി കഴിഞ്ഞ ആഴ്ചയാണ് മോദി സർക്കാർ പ്രഖ്യാപിച്ചത്.