ദില്ലി: കൊവാക്സിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി തിടുക്കം കാട്ടിയെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 30, 31 തിയതികളില്‍ കൊവാക്സിന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സമിതി എടുത്തു. എന്നാല്‍ ഒറ്റ ദിവസത്തില്‍ സമിതിയുടെ നിലപാട് മാറി. രണ്ടാം തിയതി കൊവാക്സിന് സമിതി അനുമതി നല്‍കുകകയായിരുന്നു. വിദഗ്ധ സമിതി യോഗത്തിന്‍റെ മിനിറ്റ്സ് ഉദ്ധരിച്ചുകൊണ്ടാണ് പത്രത്തിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ അനുമതി നല്‍കുന്നതില്‍ തിടുക്കം കാട്ടിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ കമ്പനിക്കായെന്നാണ് സര്‍ക്കാര്‍ വിശദീകരണം.