Asianet News MalayalamAsianet News Malayalam

പൊലീസ് ജാമിയ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍-റിപ്പോര്‍ട്ട്

ലാത്തികൊണ്ട് അടിയേറ്റ ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമാണ് കൂടുതലും പരിക്കുകളെന്നും ഡോക്ടറെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Cops hit us in our private parts: Jamia Students
Author
New Delhi, First Published Feb 10, 2020, 7:02 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ദില്ലി പൊലീസ് ആക്രമണമഴിച്ചുവിട്ടെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. സ്വകാര്യഭാഗങ്ങളില്‍ ക്രൂരമര്‍ദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ പത്തോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലെത്തി. ചിലരുടെ പരിക്ക് ഗുരുതരമാണ്. അവരെ അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍ പറഞ്ഞു.

ലാത്തികൊണ്ട് അടിയേറ്റ ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമാണ് കൂടുതലും പരിക്കുകളെന്നും ഡോക്ടറെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുട്ടിട്ട കാലുകൊണ്ട് പൊലീസുകാര്‍ തൊഴിച്ചു. ഒരു വനിതാ പൊലീസുകാരി എന്‍റെ ബുര്‍ഖ അഴിച്ചുമാറ്റി എന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു-പരിക്കേറ്റ യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇതേ ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ആണ്‍കുട്ടികളും ക്രൂരമര്‍ദ്ദനത്തിനിരയായി. ഒമ്പത് വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്തെന്നും ഗുരുതര പരിക്കേറ്റ ഒരാളെ ഐസിയുവിലേക്ക് മാറ്റിയെന്നും അല്‍ഷിഫ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി  പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചാണ്  പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരക്കാര്‍ പാര്‍ലമെന്‍റ് മാര്‍ച്ചിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

ജാമിയയിലെ ഏഴാം നമ്പര്‍ ഗേറ്റില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളികളുമായി മുന്നോട്ടുപോയി. നിരവധി സ്ത്രീകളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കാതിരിക്കാനായി പുരുഷന്മാര്‍ സുരക്ഷാ വലയം തീര്‍ത്തു. സമരം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു സമീപനവുമുണ്ടാകുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios