ദില്ലി: രാജ്യം കഠിനമായ സാഹചര്യത്തിലൂടെ ആണ് കടന്ന് പോകുന്നതെന്ന്  ചീഫ്‌ ജസ്റ്റിസ് എസ് എ ബോബ്ഡെ. പൗരത്വ നിയമ ഭേദഗതി  ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ആണ് ചീഫ് ജസ്റ്റിസിന്റെ വാക്കാൽ  പരാമർശം.  ഒരു നിയമത്തിന്‍റെ സാധുത പരിശോധിക്കലാണ് ആണ് കോടതിയുടെ ജോലി.  

ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കൽ അല്ല. സമാധാനം കൊണ്ടുവരികയാണ് ആദ്യം വേണ്ടത്. സംഘർഷങ്ങൾ അവസാനിക്കുന്ന പക്ഷം  ഈ ഹർജിയും പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ 3 അംഗ ബഞ്ച് വ്യക്തമാക്കി.

അതേ സമയം  പൗരത്വ നിയമഭേദഗതിക്കെതിരായി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.  കേന്ദ്രസര്‍ക്കാരിന്‍റെ  ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല. 

പൗരത്വ നിയമഭേദഗതിക്കെതിരായ  കേസില്‍ ഹൈക്കോടതികള്‍ വ്യത്യസ്ത  നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  

പൗരത്വ നിയമഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി നേരത്തെ സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ മാത്രം  പരിഗണനയിലുള്ള  അറുപത് ഹര്‍ജികള്‍ 22 ന് പരിഗണിക്കാനിരിക്കേ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുകയാണ്.

പൗരത്വ നിയമഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാനവും കത്തയച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള അസം സര്‍ക്കാരിന്‍റെ കത്ത് മാത്രമേ തങ്ങളുടെ കൈവശമുള്ളെന്നും കേന്ദ്രസര്‍ക്കാര്‍  വ്യക്തമാക്കി. 

ഇതിനിടെയാണ്  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ  സന്ദര്‍ശനം റദ്ദാക്കിയതായി അസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റന്നാള്‍ ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ പരിപാടിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദുചെയ്തതെന്നാണ് വിവരം. എന്നാല്‍ പ്രധാനമന്ത്രിയുടെ  ഓഫീസ് ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.