നാ​ഗ്പൂർ: ആഢംബര ജീവിതം നയിക്കാൻ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന കമിതാക്കൾ അറസ്റ്റിൽ. ഹാസിപാട് സ്വദേശിയും എംബിഎ വിദ്യാർഥിയുമായ ശൈലേഷ് വസന്ത ദുംബ്രേ (29), എംബിഎ വിദ്യാർഥിനി​ ​ഗൗരി ​ഗോമദേ (21) എന്നിവരെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂർ പൊലീസ് ചൊവാഴ്ച അറസ്റ്റ് ചെയ്തത്.

യൂട്യൂബിൽ നിന്ന് വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്ന വിദ്യകൾ കണ്ടു പഠിച്ചതിന് ശേഷമാണ് കമിതാക്കൾ മോഷണത്തിനിറങ്ങുന്നത്. ​ഗ്യാസ് കട്ടറുകൾ ഉപയോ​ഗിച്ച് വാതിലുകൾ തുറക്കുന്ന രീതി ഇരുവരും വശമാക്കിയിട്ടുണ്ട്. മാസത്തിൽ മൂന്ന് വീടെങ്കിലും ഇരുവരും ചേർന്ന് കൊള്ളയടിക്കാറുണ്ട്. കഴി‍ഞ്ഞ ഏപ്രിലിൽ മങ്കപൂരിലെ ഒരു വീട്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ഇരുവരും ചേർന്ന് മോഷ്ടിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഗോരിവാടയിൽ ഒരു ബം​ഗ്ലാവ് വാടയ്ക്ക് എടുത്താണ് ഇവർ താമസിക്കുന്നത്. മോഷണത്തിനായി ഓറഞ്ച് നിറത്തിലുള്ള കാർ തവണ വ്യവസ്ഥയ്ക്കെടുത്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. ​ഗ്യാസ് കട്ടർ, ഓക്സിജൻ സിലിണ്ടർ, മോഷണത്തിന് ഉപയോ​ഗിക്കുന്ന മറ്റ് ഉപകരണങ്ങളടക്കം ഇവരുടെ കയ്യിൽനിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എടിഎം കൊള്ളയടിക്കാനുള്ള വിദ്യകൾ യൂട്യൂബിൽ നോക്കി പഠിക്കുന്നുണ്ടെന്നും കമിതാക്കൾ പൊലീസിൽ പറഞ്ഞു.