ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതർ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു. 

ആകെ രോഗികൾ എഴുപത്തി അയ്യായിരം കടന്ന കർണ്ണാടകത്തിൽ മരണം ആയിരത്തി അഞ്ഞൂറ് പിന്നിട്ടു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതർ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്. 

പശ്ചിമ ബംഗാളിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് സർക്കാ‍ർ തീരുമാനം. വ്യാഴം ,ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗൺ. തുടർച്ചയായി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 

മണിപ്പൂരിൽ ഇന്ന് മുതൽ പതിനാല് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപന തോത് കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകൾ റിപ്പോർട്ട് ചെയ്തതാണ് മണിപ്പൂരിൽ ലോക്ഡൗൺ പ്രഖ്യാപിക്കാൻ കാരണം. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ചുരുങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂ‍ർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കുമെന്ന് സ‍ർക്കാർ അറിയിച്ചു.