ദില്ലി/മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് തന്നെ. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു. ഇന്ന് 8,348 പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം 144 പേർ കൂടി വൈറസ് ബാധമൂലം മരണത്തിന് കീഴടങ്ങി. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 300937 ആയി. ഇത് വരെ 11596 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിൽ മാത്രംം ഒരു ലക്ഷത്തിലധികം പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 

കർണാടകത്തിലും സ്ഥിതി ഗുരുതരമാണ്. ഇന്ന് 4537 പുതിയ കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു, 93 മരണവും പുതുതായി സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം 2125 പേർക്ക് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കേരളത്തോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ 509 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. കർണ്ണാടകത്തിൽ ഇത് വരെ 59,652 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1240 മരണങ്ങൾ സംസ്ഥാനം ഔദ്യോദികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

തമിഴ്നാടും കൊവിഡ്  കണക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4807 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 1,65,714 ആയി. മരണനിരക്കിലും വർധനയുണ്ട്. 24 മണിക്കൂറിനിടെ 88 പേർ കൂടി തമിഴ്നാട്ടിൽ വൈറസ് ബാധിച്ച് മരിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു എംഎൽഎയും ഉണ്ട്. കടലൂർ എംഎൽഎ കെ ഗണേശനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

രാജ്യ തലസ്ഥാനമായ ദില്ലിയിൽ 24 മണിക്കൂറിനിടെ 1475 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. 24 മണിക്കൂറിനിടെ 26 മരണം കൂടി സ്ഥിരീകരിച്ചു. ഇത് വരെ 3,597 മരണങ്ങളാണ് ദില്ലി സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്. നിലവിൽ 16,711 പേരാണ് ദില്ലിയിൽ ചികിത്സയിലുള്ളത്.