ദില്ലി: ലോക്ക്ഡൗണിൽ നിന്ന് പുറത്ത് കടക്കുന്ന അൺലോക്ക്-1 ഘട്ടത്തിൽ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്പോൾ, അതീവശ്രദ്ധ പുലർത്തേണ്ടത് രാജ്യത്തെ മരണനിരക്കിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുത്തനെ കൂടുമെന്നാണ് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലെ വൈസ് ചെയർമാൻ ഡോ. എസ് പി ബയോത്ര കണക്കുകൂട്ടുന്നത്. അടുത്ത കാലത്തൊന്നും രോഗവ്യാപനത്തിന്‍റെ എണ്ണം കുറച്ച് കൊണ്ടുവന്ന്, രോഗികളില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്ന് തന്നെയാണ് വിദഗ്ധർ ഒറ്റസ്വരത്തിൽ പറയുന്നത്. 

അതേസമയം, ദേശീയലോക്ക്ഡൗൺ ഇനി വീണ്ടും തിരികെ കൊണ്ടുവരാനാകില്ലെന്ന് തന്നെയാണ് കേന്ദ്രസർക്കാർ നിലപാട്. വീണ്ടും ലോക്ക്ഡൗൺ വന്നാൽ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ തന്നെ തകരാറിലാകും. ജനങ്ങൾ വലിയ പട്ടിണിയിലേക്ക് വീഴും. 

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച രണ്ട് ദിവസം, ജൂലൈ 16, 17 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനമുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. രണ്ടാം ദിനം വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത് മരണനിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര, പശ്ചിമബംഗാൾ, തമിഴ്നാട്, ഗുജറാത്ത് എന്നിവയുൾപ്പടെയുള്ള സംസ്ഥാനങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. 'വൈറസിനൊപ്പം ജീവിക്കുക' എന്ന നയത്തിന് അനുസരിച്ച് ഈ കുത്തനെ കൂടുന്ന രോഗവ്യാപനത്തെ സർക്കാർ എങ്ങനെ നേരിടുമെന്നതും ശ്രദ്ധേയമാണ്.

പ്രതിദിനമരണസംഖ്യ ഇടവേളകളിൽ:

 

വാക്സിൻ ഗവേഷണത്തിൽ നിർണായകമായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് വികസിപ്പിച്ച് മനുഷ്യരിൽ പരീക്ഷണം നടത്തി അംഗീകാരം നേടാൻ അടുത്ത വർഷം ആദ്യപാതിയാകുമെന്നാണ് സൂചന. രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോൾ, ഇതിൽ 10 മുതൽ 15 ശതമാനം പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. ഇവർക്കെല്ലാം ക്രിട്ടിക്കൽ കെയറും നൽകേണ്ടി വരും. ഇതിന് രാജ്യത്ത് വേണ്ട സൗകര്യങ്ങളുണ്ടോ എന്നതാണ് ചോദ്യം. സ്വകാര്യ ആശുപത്രികളിലേക്ക് കൂടി രോഗികളെ എത്തിക്കേണ്ടി വരുമ്പോൾ പണമുള്ളവർക്ക് മാത്രം നല്ല ചികിത്സ കിട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോയേക്കാം. ഇത് ഒഴിവാക്കാൻ സമൂഹത്തിൽ അതീവജാഗ്രത തന്നെ വേണമെന്നും സർ ഗംഗാറാം ആശുപത്രിയിലെ വൈസ് ചെയർമാൻ ഡോ. എസ് പി ബയോത്ര ചൂണ്ടിക്കാട്ടുന്നു. 

പരമാവധി ആളുകളെ ഐസൊലേഷനിലാക്കുക എന്നതിനേക്കാൾ, ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഓക്സിജൻ ബെഡ്ഡുകളും അതീവഗുരുതരാവസ്ഥയിലുള്ളവർക്ക് വെന്‍റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത് എന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പാളും എപ്പിഡമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മൂളിയിൽ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പറഞ്ഞു. 

''മുംബൈ, ദില്ലി, ചെന്നൈ, എന്നീ നഗരങ്ങളിൽ ഇനി എല്ലാവരെയും കൂട്ടത്തോടെ ടെസ്റ്റ് ചെയ്തിട്ട് കാര്യമില്ല. ഇവിടങ്ങളിൽ സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ഉറപ്പാണ്. കൊവിഡ് രോഗബാധ അവസാനിക്കുമ്പോഴേക്ക് രാജ്യത്ത് ഏതാണ്ട് 60 കോടി പേർക്ക് രോഗം ബാധിച്ചേക്കാം. ഇത് ഒഴിവാക്കണമെങ്കിൽ, കൂടുതൽ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കണം. കേസുകൾ ഉണ്ടാകണം'', എന്ന് ഡോ. ജയപ്രകാശ് മൂളിയിൽ. 

കൊവിഡ് രോഗവ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളെ താരതമ്യം ചെയ്ത് നോക്കുമ്പോൾ, ഇന്ത്യയിൽ മരണനിരക്ക് ഏറെ താഴെയാണ്. 2.86% മാത്രം. വൈറസുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിലായിരിക്കാൻ സാധ്യതയുണ്ടായിരുന്ന, അഥവാ രോഗം വരാൻ സാധ്യതയുണ്ടായിരുന്ന ആളുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് 0.08% മാത്രം. 

ദില്ലി, മുംബൈ എന്നീ നഗരങ്ങളിൽ നല്ല രീതിയിൽ സമ്പർക്കപ്പട്ടിക രൂപീകരിക്കുകയോ കൃത്യമായി പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്.