ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 49 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ  83,809 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും 1,054 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ 49,30,237 ഉം മരണസംഖ്യ 80,776 ഉം ആയി ഉയര്‍ന്നു. ഇതുവരെ 38,59,400 പേരാണ് രോഗമുക്തി നേടിയത്. 9,90,061 പേര്‍ നിലവിൽ ചികിത്സയിലാണ്. 

പതിമൂന്നു സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിന വർദ്ധന കുറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന പതിനെട്ടായിരത്തിന് താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാൽ ലക്ഷത്തിനു അടുത്തു ആയിരുന്നു വർധന.

അതേ സമയം ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണ് . ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന 'ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ' പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നേരിയ ആശ്വാസം തോന്നിക്കുന്ന വാര്‍ത്തയാണ് ഇതെങ്കിലും, സത്യത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന തോതിന് ഇടിവ് സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.