മുംബൈ: കൊവിഡ് വൈറസ് കൂടുതൽ പേരിൽ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ പ്രധാന നഗരമായ മുംബൈയിൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാധ്യമസ്ഥാപനത്തിലെ മൂന്ന് പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. ഒരാൾ രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഫലം നെഗറ്റീവായ 35 ജീവനക്കാരെ നിരീക്ഷണത്തിലാക്കി ഓഫീസ് പൂട്ടി.

മഹാരാഷ്ട്രയിൽ കൊവിഡ് രോഗം കൂടുതൽ പേരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 187 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ നാല്  പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്. എല്ലാവരെയും തെർമൽ സ്ക്രീനിംഗ് ചെയ്യുന്നത് ഇന്നും തുടരും. ഇവിടെ പൊലിസ് ബാരിക്കേഡുകളുപയോഗിച്ച് ആളുകൾ പുറത്തേക്കോ പുറത്ത് നിന്നുള്ളവർ ഉളളിലേക്കോ പോകുന്നത് തടയുകയാണ്. 

അതേ സമയം സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 1761 ആയി. ഇന്നലെ 17 പേർ കൂടി മരിച്ചു. 208 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മുംബൈ താജ് ഹോട്ടലിലെ 5 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. താനെയിൽ പൊലിസ് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 100ഓളം പൊലീസുകാരെ ക്വറന്‍റൈൻ ചെയ്തു. സംസ്ഥാനത്ത് രണ്ടാഴ്ച കൂടി ലോക് ഡൗൺ കർശനമായി നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലടക്കം അതിവ ഗുരുതരാവസ്ഥയുള്ളതിനാൽ ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.