ദില്ലി: കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് സമവായം ആയത്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതാകും ഉചിതമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതേ സമയം ചില മേഖലകൾക്ക് കൂടി ഇളവ് നല്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്.  ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം. 

വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താൻ ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തിൽ പൊതുവെ ഉണ്ടായത് എന്നാണ് വിവരം. സംസ്ഥാനങ്ങൾക്ക് സ്ഥിതി തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗൺ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തിൽ മുൻതൂക്കം എന്നാണ് വിവരം. 

ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഓരോ മേഖലകൾക്ക് ഇളവ് നൽകുന്ന തീരുമാനം നടപ്പാക്കാമെന്നും കേരളം നിലപാടെടുത്തു. 

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനും ആശങ്കകൾ പരിഹരിക്കാനും ഉള്ള നടപടികളും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ചര്‍ച്ചയായി. കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. 

കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താൻ ലോക്ക് ഡൗൺ തുടരണമെന്ന അഭിപ്രായം യോഗത്തിൽ പങ്കെടുത്ത മിക്ക സംസ്ഥാനങ്ങളും ഉന്നയിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന ഓദ്യോഗിക പ്രതികരണം. ഒപ്പം ഒരു സാമ്പത്തിക പാക്കേജിനു കൂടിയുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ധനമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായി യോഗം തുടങ്ങി.

അതിനിടെ ഉചിതമായ തീരുമാനമാണ് കൊവിഡ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.