ദില്ലി: നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ പനി ബാധിച്ച് ദില്ലിയിൽ വച്ച് മരിച്ചു. വെട്ടിപ്രം സ്വദേശി ഡോ. സലീം ആണ് നിസാമുദ്ദീൻ ചടങ്ങിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോയത്. ഇദ്ദേഹം കാത്തോലിക്കേറ്റ് കോളേജിലെ മുൻ അധ്യാപകനായിരുന്നു. ഇവിടെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഇദ്ദേഹത്തിന് പനി വന്നത്. ആരോഗ്യനില മോശമായി പിന്നീട് ദില്ലിയിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. മാർച്ച് 24-നാണ് ഡോ. സലീം മരിച്ചത്. ജനതാ കർഫ്യൂ ദിവസമായതിനാൽ ദില്ലിയിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്തുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൂടെ ദില്ലിയിൽ പോയവർ അവിടെത്തന്നെ നിരീക്ഷണത്തിലാണ്. ഇവരാരും നാട്ടിലേക്ക് ഇതുവരെ തിരികെ വന്നിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ഡോ. സലീമിന് കൊവിഡ് ഉണ്ടായിരുന്നോ എന്നതിൽ ഇനിയും വ്യക്തതയില്ല. 

മൂന്നംഗസംഘമായാണ് ഇവർ നിസ്സാമുദ്ദീനിലേക്ക് പോയത് എന്നാണ് വിവരം. വാർഷിക തീർത്ഥാടനത്തിന്‍റെ ഭാഗമായാണ് ഇവർ ദില്ലിയിലേക്ക് പോയത്. ഡോ. സലീമിന്‍റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി നിസാമുദ്ദീൻ മൗലവി, പത്തനംതിട്ട ആനപ്പാറ സ്വദേശി അബ്ദുൾ അസീസ് എന്നിവരാണ് ദില്ലിയിൽ നിരീക്ഷണത്തിൽ ഉള്ളത്. 

നിസാമുദ്ദീനിലെ മർക്കസിൽ ഉണ്ടായിരുന്ന 24 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് എന്നാണ് വിവരം. മലയാളിയായ ഡോ.സലീമിന് കൊവിഡ് ആയിരുന്നോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. അത്തരം പരിശോധനകളും നടത്തിയിട്ടില്ല. ഇതേത്തുടർന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. 

അതേസമയം, പത്തനംതിട്ടയിൽ നിന്ന് ഈ മാസം 7 പേർ നിസാമുദ്ദീനിൽ പോയതായി പത്തനംതിട്ട ടൗൺ ജമാ അത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷാജഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിലർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ഡോ എം സലീം മരിച്ചതെന്നാണ് കൂടെ ഉള്ളവർ അറിയിച്ചത്. സ്ഥിരമായി ആളുകൾ നിസാമുദ്ദീനിൽ പ്രാർത്ഥനക്ക് പോകാറുണ്ടെന്നും, താനും ഈ മാസം നിസാമുദ്ദീനിൽ പോയിരുന്നതായും അദ്ദേഹം അറിയിച്ചു. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരുന്നെങ്കിലും അത് പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു.

മലയാളി ഡോക്ടർക്ക് രോഗം എത്തിയ വഴി സങ്കീർണം

തമിഴ്‍നാട്ടിലെ സ്ഥിതിയാണ് ഏറ്റവും ഗുരുതരം. ചടങ്ങിൽ തമിഴ്‌നാട്ടിൽ നിന്ന് പങ്കെടുത്തത് 1500-ലധികം പേരാണെന്നാണ് പ്രാഥമിക നിഗമനം.

കോയമ്പത്തൂരിലെ റെയിൽവേയിലുള്ള മലയാളി ഡോക്ടർ ഈ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തയാളെയാണ് ചികിത്സിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ റെയിൽവേ ജീവനക്കാരനായ ആൾ ഈറോഡിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിസാമുദ്ദീനിൽ ചടങ്ങിൽ പങ്കെടുത്ത തായ്‍ലൻഡ് സ്വദേശികളാണ് ഈറോഡിൽ പ്രാർത്ഥനാ ചടങ്ങ് നടത്തിയത്. ഡോക്ടർക്കും പത്ത് മാസം പ്രായമുള്ള കുട്ടിക്കും ഉൾപ്പടെ കുടുംബത്തിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

നിസാമുദ്ദീനിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 16 പേർ ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂരിൽ 6 പേരെയും സേലത്ത് മടങ്ങിയെത്തിയ 4 പേരെയും തിരിച്ചറിഞ്ഞു. ഇവരെല്ലാം ദില്ലിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തിയത് ട്രെയിനിലാണെന്നത് ആശങ്ക കൂട്ടുന്നു.

നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത വിദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, അതിരംപട്ടിണം, കോയമ്പത്തൂർ, സേലം എന്നിവടങ്ങളിലെ പള്ളികളിൽ പ്രഭാഷണം നടത്തി.

നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത മലേഷ്യൻ സ്വദേശികൾ ചെന്നൈയിൽ പ്രാർഥനാ ചടങ്ങ് നടത്തി. ചെന്നൈ മണ്ണടി മമ്മൂദ് മസ്ജിദിൽ മാർച്ച് 19നായിരുന്നു  പ്രാർത്ഥനാ ചടങ്ങ്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

ഇതേത്തുടർന്ന്, തമിഴ്നാട് ഈറോഡ് പെരുന്തുറയിലെ ഒൻപത് തെരുവുകൾ ബഫർ സോണായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഇതുവരെ 1118 പേരെ ക്വാറന്‍റൈനിലാക്കി. നിസാമുദ്ദീനിലെ  പ്രാർഥനാ യോഗത്തിൽ പങ്കെടുത്തവരിൽ ഇനിയും തിരിച്ചറിയാനുള്ളത് 600- ഓളം പേരെയാണ്.

ഒപ്പം, നിസാമുദ്ദീനിലെ  പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികൾ ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിക്കുന്നു. മാർച്ച് 18 നായിരുന്നു മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. മാർച്ചിൽ പങ്കെടുത്തവരിൽ രോഗ ലക്ഷണം ഉള്ളവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെടുന്നു.