രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 10000ത്തിനടുത്തെത്തി. ലോകത്തില്‍ സ്‌പെയിനിനെ മറി കടന്ന് രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ ആറാമതെത്തി. 

ദില്ലി: കൊവിഡ് 19 ഇന്ത്യയില്‍ സെപ്റ്റംബര്‍ പകുതിയോടെ അവസാനിക്കുമെന്ന് വിലയിരുത്തല്‍. ആരോഗ്യമേഖലയിലെ വിദഗ്ധരാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ ഉദ്ധരിച്ച് വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം പിടിപെടുന്നവരുടെയും രോഗമുക്തി നേടുന്നവരുടെയും കണക്ക് തുല്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ജേര്‍ണലായ എപ്പിഡെമോളജി ഇന്റര്‍നാഷണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഡിജിഎച്ച്എസ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, ഡെപ്യൂട്ടി അസി. ഡയറക്ടര്‍ രൂപാലി റോയ് എന്നിവരാണ് അനാലിസിസ് തയ്യാറാക്കിയത്. ബെയ്‌ലി ഗണിതശാസ്ത്ര മോഡല്‍ പ്രകാരമാണ് ഇരുവരും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രോഗബാധിതരില്‍ നിന്ന് മുക്തി നേരിടുന്നവരുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. രാജ്യത്ത് യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് രണ്ട് മുതലാണ് കൊവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ പകുതിയോടെ രോഗം ബാധിക്കുന്നവരുടെയും വിമുക്തി നേടുന്നവരുടെയും എണ്ണം തുല്യമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 10000ത്തിനടുത്തെത്തി. ലോകത്തില്‍ സ്‌പെയിനിനെ മറി കടന്ന് രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ ആറാമതെത്തി. രോഗം ബാധിച്ച് 7000ത്തോളം പേര്‍ മരണപ്പെടുകയും ചെയ്തു. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മെയ് എട്ടോടെ പ്രധാന മേഖലകളിലെ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചേക്കും.