ഐസിഎംആർ നടത്തിയ സിറോ സർവേ ഫലം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണെന്നും ഈ ആഴ്ചയോടെ ഇന്ത്യൻ മെഡിക്കൽ റിസർച്ച് ജേണലിൽ സ‍ർവേ ഫലം പ്രസിദ്ധീകരിക്കുമെന്നും ഡോക്ടർ ബൽറാം ഭാർഗവ അറിയിച്ചു.

ദില്ലി: റഷ്യ നിർമ്മിച്ച സ്പുട്നിക്ക് 5 വാക്സിനെ സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ടെന്നും പ്രാഥമിക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ. മൂന്ന് കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് പരീക്ഷണത്തിൽ മുന്നിട്ട് നിൽക്കുന്നതെന്നും ഇതിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടത്തിലാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ അറിയിച്ചു. ഭാരത് ഇൻഫോടെക്കിന്‍റെയും സൈഡസ് കാഡില്ലയുടെയും വാക്സിനുകൾ ഒന്നാം ഘട്ടം പിന്നിട്ടു.

Scroll to load tweet…
Scroll to load tweet…

ഐസിഎംആർ നടത്തിയ സിറോ സർവേ ഫലം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണെന്നും ഈ ആഴ്ചയോടെ ഇന്ത്യൻ മെഡിക്കൽ റിസർച്ച് ജേണലിൽ സ‍ർവേ ഫലം പ്രസിദ്ധീകരിക്കുമെന്നും ഡോക്ടർ ബൽറാം ഭാർഗവ അറിയിച്ചു. രണ്ടാമത്തെ സിറോ സർവേ സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തിയാവുമെന്നും ഐസിഎംആർ മേധാവി അറിയിച്ചു. 

കൊവിഡ് വന്നവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത വിരളമാണെന്ന് ഐസിഎംആർ മേധാവി അഭിപ്രായപ്പെട്ടു. വ്യക്തിയുടെ പ്രതിരോധശേഷിയെ അടിസ്ഥാനമാക്കിയാകും വീണ്ടും രോഗം വരാനുള്ള സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മാർഗനിർദ്ദേശവും പുറത്തിറക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ മരണ നിരക്ക് 1.58 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ലോകത്തിലെ തന്നെ എറ്റവും കുറഞ്ഞ മരണ നിരക്കാണ് രാജ്യത്തേതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അവകാശവാദം. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ 2.7 ശതമാനം ആളുകൾക്ക് മാത്രമേ ഓക്സിജൻ സപ്പോർട്ട് ആവശ്യമായിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. 1.92 ശതമാനം രോഗികൾ ഐസിയുവിലാണ്. 0.29 ശതമാനം രോഗികൾ വെന്‍റിലേറ്ററിലാണ്.