ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 64,553 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 24,61,190 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1007 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.

സർക്കാർ കണക്കുകളനുസരിച്ച് ഇത് വരെ 48,040 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.95 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. ഇത് വരെ 17, 51, 555 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസകരമായ വാ‌ർത്ത. രോഗമുക്തി നിരക്ക് 71 ശതമാനമാണ് ഇപ്പോൾ. 

മഹാരാഷ്ട്രയില്‍ പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധ. 11,813 പേരാണ് മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം രോഗബാധിതരായത്. ആന്ധ്രയില്‍ ഇന്നലെ 9,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തമിഴ് നാട്ടില്‍ 5,835 പേര്‍ക്കും, കർണാടകത്തിൽ‍ 6,706 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 4,603 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പരിശോധന എട്ടുലക്ഷത്തിന് മുകളിലെത്തി. രാജ്യത്ത് ഇന്നലെ 8,48,728 സാമ്പിളുകൾ പരിശോധിച്ചു.